കേരളത്തില്‍ ജനകീയാരോഗ്യ നയം വരുന്നു
തിരുവനന്തപുരം: കേരളത്തില്‍ ജനകീയാരോഗ്യനയം വരുന്നു. ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്തുകൊണ്ടുള്ള ആരോഗ്യനയം രൂപീകരിക്കാന്‍ പ്ലാനിങ് ബോര്‍ഡംഗം ഡോ.ബി ഇക്ബാല്‍ അധ്യക്ഷനും പ്രമുഖ ശാസ്ത്രജ്ഞനും കോഴിക്കോട് മള്‍ട്ടി ഡിസ്പ്ലിനറി റിസര്‍ച് യൂനിറ്റിലെ ഡോ.കെ.പി അരവിന്ദന്‍ കണ്‍വീനറുമായി 17 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. രണ്ടു മാസത്തിനുള്ളില്‍ കരട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പകര്‍ച്ചവ്യാധി വ്യാപനം, ജീവിതശൈലി രോഗവര്‍ധന, വര്‍ധിച്ചുവരുന്ന ആരോഗ്യചെലവ് ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ ആരോഗ്യനയം. കൂടാതെ ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നല്‍കികൊണ്ടും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍തന്നെ മള്‍ട്ടി സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ തുടങ്ങുന്നതിനും സ്വകാര്യആശുപത്രികളെ നിയന്ത്രിക്കുന്നതിനും ഇവിടുങ്ങളിലെ തീവെട്ടികൊള്ള അവസാനിപ്പിക്കുന്നതുമായിരിക്കും പുതിയ ആരോഗ്യനയം.
മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ പി.കെ ജമീല, പൊതുപ്രവര്‍ത്തക ഉമാപ്രേമന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഫാമിലി മെഡിസിന്‍ മേധാവി പി.കെ ശശിധരന്‍, അച്ച്യുതമേനോന്‍ സെന്ററിലെ പ്രൊഫസര്‍ ഡോ.വി രാമന്‍കുട്ടി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.രാജ്‌മോഹന്‍, പരിയാരം മെഡിക്കല്‍ കോളജ് കമ്യൂനിറ്റി മെഡിസിന്‍ ഹെഡ് ഡോ.എ.കെ ജയശ്രീ, ഐ.എം.എ പ്രതിനിധി ഡോ.വി.ജി പ്രദീപ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.പി.കെ മോഹന്‍ലാല്‍, ആരോഗ്യവകുപ്പ് പ്രതിനിധി ഡോ.ആശാ വിജയന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍ ജയപ്രകാശ്, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി സുദര്‍ശനന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.രമേശ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ ജമുന, ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനിലെ ഡോ.അനിതാ ജേക്കബ് എന്നിവരാണ് അംഗങ്ങള്‍.
രോഗപ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി കേരളീയരുടെ വര്‍ധിച്ചുവരുന്ന രോഗാതുരത നേരിടുന്നതിനുപകരം വന്‍കിട ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള ചികിത്സയില്‍ മാത്രമൂന്നിയ പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തില്‍ ഇപ്പോള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്.
മെഡിക്കല്‍ കോളജുകളടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളുടെ എണ്ണത്തിലും സ്വഭാവത്തിലുമുണ്ടായ മാറ്റമനുസരിച്ച് മാറിമാറി വന്ന സര്‍ക്കാരുകള്‍ വിപുലീകരിച്ചില്ല. ഈ ശൂന്യത മുതലെടുത്ത് കേരളമെമ്പാടും ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്വകാര്യ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. പ്ലാനിങ് ബോര്‍ഡ് രേഖയനുസരിച്ച് കേരളത്തില്‍ 90.27 ശതമാനം പേരും ചികിത്സക്കായി ആശ്രയിക്കുന്നത് സ്വകാര്യ മേഖലയെയാണ്. ഇതിന് ഒരു മാറ്റംവരാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ആരോഗ്യ നയം നടപ്പിലാക്കാന്‍ പോകുന്നത്.
ആരോഗ്യനയത്തിന് തടയിടുന്നത്
സ്വകാര്യആശുപത്രി ലോബി
മൂന്നു വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് കേരളത്തില്‍ ആരോഗ്യനയം രൂപികരിക്കാന്‍ കരട് തയാറാക്കുന്നത്. 2013ല്‍ മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എം.ബാലകൃഷ്ണനെ ആരോഗ്യനയം രൂപീകരിക്കാന്‍ നിയമിച്ചിരുന്നു.
ഇദ്ദേഹം കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലോബികളുടെയും മരുന്നു നിര്‍മാതാക്കളുടെയും ഇടപെടല്‍മൂലം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നയരൂപീകരണവുമായി മുന്നോട്ടുപോയില്ല.
നേരത്തെ ഇടതു സര്‍ക്കാരിന്റെ കാലത്ത് പി.കെ ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചതിനെതുടര്‍ന്ന് ആരോഗ്യനയം തയാറാക്കാന്‍ ശ്രമിച്ചുവെങ്കിലും അതും നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."