മരണച്ചുഴിയിലേക്ക് മുങ്ങാംകുഴിയിട്ടു വീണ്ടും വിദ്യാര്‍ഥികള്‍
നാദാപുരം: നിരവധി പേരുടെ ജീവനെടുത്ത വിഷ്ണുമംഗലം പുഴയില്‍ കുളിച്ചുല്ലസിക്കാനായി വിദ്യാര്‍ഥികള്‍ വീണ്ടുമെത്തി. പൊലിസിന്റെ കര്‍ശന നിര്‍ദേശവും ജല അതോറിറ്റിയുടെ വിലക്കും കാരണം ബണ്ട് പരിസരത്തെ പുഴയിലെ കുളിക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇവ മറികടന്നാണ് അവധി ആഘോഷിക്കാന്‍ നിരവധി വിദ്യാര്‍ഥികള്‍ ഇവിടെയെത്തുന്നത്. പുഴയിലെ ഏറ്റവും അപകടസ്ഥലമായ ബണ്ടിനോട് ചേര്‍ന്ന വെള്ളച്ചാട്ടത്തിലാണ് ഇവര്‍ നീന്തിത്തുടിക്കുന്നത്.
നാലുമീറ്റര്‍ ഉയരത്തില്‍ പുഴയില്‍ പണിത കോണ്‍ക്രീറ്റ് ബണ്ടു കാരണം വെള്ളം പുഴയില്‍തന്നെ കെട്ടിക്കിടക്കുകയായിരുന്നു. ഈ വെള്ളം പ്രത്യേകം പണിത കനാലിലൂടെയാണ് ഇപ്പോള്‍ ഒഴുക്കിവിടുന്നത്. നേരത്തെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ നാലു വിദ്യാര്‍ഥികള്‍ ഇവിടെ മരിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് പൊലിസും ജല അതോറിറ്റിയും ചേര്‍ന്ന് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതും പുഴയില്‍ ഇറങ്ങുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയതും.
എന്നാല്‍ മുന്നറിയിപ്പുകള്‍ ലംഘിച്ചുകൊണ്ടാണ് അവധിദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ പുഴയില്‍ ചാടിത്തിമിര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."