ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്
ഗസ്സ: ഇസ്റാഈൽ സൈന്യത്തിന്റെ ഗസ്സ മുനമ്പിലെ ആക്രമണങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 ഫലസ്തീനികൾ കൊല്ലപ്പെടുകയും 317 പേർക്ക് പരുക്കേല്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റാഫയിലെ വിശന്ന് വലഞ്ഞ ജനക്കൂട്ടത്തിന് നേരെയും നെറ്റ്സാരിം ഇടനാഴിയിലെ ഭക്ഷ്യവിതരണ കേന്ദങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇസ്റാഈൽ സൈന്യം പുലർച്ചെ നടത്തിയ ആക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സ സിറ്റിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾ കൊല്ലപ്പെടുകയും അൽ-ഷിഫ ആശുപത്രിയിൽ 13 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ് എത്തുന്നവരെ ഉൾക്കൊള്ളാൻ ആശുപത്രികൾക്ക് കഴിയാത്ത സ്ഥിതിയാണ്.
നെറ്റ്സാരിം ഇടനാഴി, ഒരുകാലത്ത് വിശാലമായ കൃഷിഭൂമിയുള്ള സജീവമായ ഫലസ്തീൻ അയൽപക്കമായിരുന്നു. എന്നാൽ, ഇപ്പോൾ അത് ഇസ്റാഈലിന്റെ "സുരക്ഷാ ഇടനാഴി"യുടെ അവശിഷ്ടങ്ങൾ മാത്രമാണ്. ഇസ്റാഈൽ സൈന്യം കൂടാരങ്ങളിലും വീടുകളിലും മാരകമായ വ്യോമാക്രമണങ്ങൾ തുടരുകയാണ്.
ഇറാനെതിരെ ഇസ്റാഈൽ മിസൈൽ ആക്രമണം ശക്തമാക്കുന്നതിനിടെ, ഉപരോധിക്കപ്പെട്ട ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ കൊലപാതകങ്ങൾ തുടരുകയാണ്. 20 മാസത്തെ യുദ്ധത്തിൽ ഇതുവരെ 55,998 പേർ കൊല്ലപ്പെടുകയും 131,559 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മാർച്ചിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാർ ഇസ്റാഈൽ ലംഘിച്ചതിനുശേഷം, 5,685 ഫലസ്തീനികൾ കൊല്ലപ്പെടുകയും 19,518 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."