കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാര്‍ഥികള്‍. പുനക്രമീകരിച്ച റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും, നീതി പൂര്‍വമായ മാര്‍ക്ക് ഏകീകരണം വേണമെന്നും വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ സുല്‍ഫീക്കര്‍ അലിയാണ് ഹരജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കേസില്‍ ഹാജരാവുക.
അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് വരെ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ട്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഒരു അവകാശവും നഷ്ടപ്പെടില്ല. പക്ഷെ അവര്‍ അനര്‍ഹമായി നേടികൊണ്ടിരിക്കുന്ന അവകാശം ഇല്ലാതാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതി കാലങ്ങളായി കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനീതി പരിഹരിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ നീതിപൂര്‍വമായ മാര്‍ക്ക് ഏകീകരണം നടക്കണമെന്നാണ് ആവശ്യമെന്നും അഭിഭാഷകനായ സുല്‍ഫീക്കര്‍ അലി പറഞ്ഞു.
അതേസമയം സുപ്രീംകോടതിയിലെ ഹരജി പ്രവേശന നടപടികളെ ബാധിക്കില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
ജൂലൈ 1ന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ഇതിനെതിരെ കേരള സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളി.
തുടര്‍ന്ന് ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കി. ഇതോടെ കീം റിസല്‍ട്ടില്‍ കേരള സിലബസുകാര്‍ കൂട്ടിത്തോടെ പുറന്തള്ളപ്പെട്ടു. മുന്‍ ലിസ്റ്റില്‍ ആദ്യ നൂറില്‍ 43 കേരള സിലബസുകാര്‍ ഉണ്ടായിരുന്നെങ്കിലും പുതുക്കിയ ലിസ്റ്റില്‍ ഇത് 21 ഒന്നായി കുറഞ്ഞു. പിന്നാലെ സര്‍ക്കാര്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോവുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
Kerala syllabus students have approached the Supreme Court against the High Court’s order to cancel the KEAM exam results. In their petition, the students have requested an urgent stay on the revised rank list and asked for fair mark normalization.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."