ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍
ദുബൈ: ദുബൈ എയര്‍ഷോയില്‍ സജീവ സാന്നിധ്യമറിയിച്ച് കേരളത്തില്‍നിന്നുള്ള രണ്ട് കമ്പനികള്‍. ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ നടന്നു വരുന്ന എയര്‍ഷോയിലെ യു.എ.ഇ സ്‌പേസ് ഏജന്‍സി പവലിയനിലാണ് തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നിന്നുള്ള ജെന്‍ റോബോട്ടിക്സ്, ഹെക്സ് 20 എന്നീ കമ്പനികള്‍ സാന്നിധ്യമറിയിച്ചത്.
ആഗോള തലത്തില്‍ ബഹിരാകാശ സാങ്കേതിക രംഗത്തെ മികച്ച സാധ്യതകളാണ് രണ്ട് കമ്പനികളും എയര്‍ ഷോയില്‍ പരിചയപ്പെടുത്തുന്നത്. ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഭാവിയില്‍ മനുഷ്യന്‍ ബഹിരാകാശ രംഗത്ത് നടത്തുന്ന പര്യവേക്ഷണവും, ബഹിരാകാശ പേടക നിര്‍മാണ വൈദഗ്ധ്യവുമാണ് ഹെക്സ് 20 പ്രദര്‍ശനത്തിലൂടെ പരിചയപ്പെടുത്തുന്നത്. എമിറേറ്റ്സ് ആസ്റ്ററോയിഡ് ബെല്‍റ്റ് എക്സ്പ്ലറേഷന്‍ പ്രോഗ്രാമിനായി സൗരയൂഥ സംബന്ധമായ നിര്‍ണായക സാങ്കേതിക വിദ്യകള്‍ കേരളത്തില്‍നിന്നുള്ള ഇരു കമ്പനികളും വികസിപ്പിക്കും. നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ സൗരയൂഥത്തില്‍ പുതിയ പേടകങ്ങള്‍ വിക്ഷേപിക്കുന്നതും ഉപയോഗ ശൂന്യമായവ നീക്കം ചെയ്യുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ബഹിരാകാശ സൗകര്യങ്ങള്‍ സംരക്ഷിച്ച് പുതിയ പേടകങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുകയാണ് ജെന്‍ റോബോട്ടിക്സ്, ഹെക്സ് 20 സംരംഭകരുടെ പ്രധാന ലക്ഷ്യം.
എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ക്ലീന്‍ടെക് റോബോട്ടിക്സ്, മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റോബോട്ടിക്സ്, ജനറല്‍-പര്‍പസ് റോബോട്ടിക്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് റോബോട്ടിക്സ് എന്നീ അഞ്ച് പ്രധാന മേഖലകളിലായി നൂതന റോബോട്ടിക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആഗോള ഡീപ് ടെക് കമ്പനിയാണ് ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ്. എന്‍ജിനീയറിങ് സാങ്കേതിക രംഗത്ത് ഈ കമ്പനി ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് ഉപഗ്രഹ സേവനത്തിനും ഭ്രമണ പഥത്തിലെ അറ്റകുറ്റപ്പണികള്‍ക്കുമായി രൂപകല്‍പന ചെയ്തിരിക്കുന്നതുമാണിത്. പര്യവേക്ഷണം, ഭൂപ്രദേശ വിശകലനം, മള്‍ട്ടി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താന്‍ കഴിവുള്ള സ്വയംഭരണ ബഹിരാകാശ റോവര്‍ പ്ലാറ്റ്ഫോമുകളും കമ്പനി നിര്‍മിക്കുന്നുണ്ട്.
മാന്‍ഹോളുകള്‍ക്കും സീവേജ് അറ്റകുറ്റപ്പണികള്‍ക്കുമുള്ള ലോകത്തിലെ ആദ്യ റോബോട്ടിക് സംവിധാനമുള്ള കമ്പനി കൂടിയാണ് ജെന്‍ റോബോട്ടിക്സ്. തത്സമയ ട്രാക്കിങ്, വിശകലനം, ഓട്ടോമേറ്റഡ് റിപ്പോര്‍ട്ട് ജനറേഷന്‍ എന്നിവ നല്‍കുന്ന കമ്പനിയുടെ ഓണ്‍ ഫീല്‍ഡ് റോബോട്ടിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ ജി ക്രോയും ഇതിന്റെ ഭാഗമാണ്. മെഡിക്കല്‍ രംഗത്തും റോബോട്ടിക്സ് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പര്യാപ്തമായ കമ്പനി കൂടിയാണിത്. ഓയില്‍ ആന്‍ഡ് ഗ്യാസ് റോബോട്ടിക്‌സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എണ്ണ ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കാനുള്ള പ്രത്യേക റോബോട്ടിക് സംവിധാനവും ജെന്‍ റോബോട്ടിക്‌സ് നിര്‍വഹിക്കുന്നുണ്ട്.
Summary : Two companies from Kerala captivated the audience at the Dubai Airshow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."