ദുര്‍ഗന്ധത്തിന് ശാശ്വത പരിഹാരവുമായി ബിഫൈകൊ
കൊടകര: കോഴി ഫാമുകള്‍ വളരെ ആദായമായ തൊഴിലാണെങ്കിലും ഫാമില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ അധികമാണ്. നാട്ടുകാരുടെ പരാതികള്‍ മൂലം പല കോഴി ഫാമുകളും അടച്ച് പൂട്ടേണ്ടിയും വന്നിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധം മൂലം താമസ സ്ഥലങ്ങളില്‍ നിന്ന് നിശ്ചിത അകലം പാലിച്ചെ ഫാമുകള്‍ നിര്‍മിക്കാവൂ എന്നും നിയമമുണ്ട്.
എന്നാല്‍ ഇതിനെല്ലാമുള്ള ശാശ്വത പരിഹാരമാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ കണ്ടു പിടിത്തമായ ബിഫൈകൊ (ബയോ ഫില്‍ട്രേഷന്‍ കോളം). കോഴി ഫാമുകളില്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന വസ്തുക്കള്‍ നിര്‍വീര്യമാക്കി മണമില്ലാതാക്കുക എന്നതാണ് ബിഫൈകൊയുടെ പ്രധാന ധര്‍മം. അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ്, പെന്റനോയിക് ആസിഡ്, ബ്യൂട്ടറിക് ആസിഡ് തുടങ്ങിയ രാസ വസ്തുക്കളാണ് കോഴി ഫാമുകളില്‍ പ്രധാനമായും ദുര്‍ഗന്ധമുണ്ടാക്കുന്നത്.
ഇവ ഒരു എക്‌സോസ്റ്റ് ഫാന്‍ ഉപയോഗിച്ച് വലിച്ചെടുക്കുകയാണ് ആദ്യ ഘട്ടം. തുടര്‍ന്ന് ഈ വായു ഒരു പൈപ്പിലുടെ സിലിക്ക, കരി എന്നിവ വച്ചിരിക്കുന്ന വിവിധ അറകളിലൂടെ കടത്തിവിട്ട് പ്രത്യേക തരം സൂക്ഷ്മാണു ജീവികളെ ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നു. പിന്നീട് ഇവ ജലത്തില്‍ ലയിപ്പിച്ച് പുറം തള്ളുന്നു. 500 കോഴികളുള്ള ഫാമില്‍ ബിഫൈകൊ സ്ഥാപിക്കുന്നതിന് അയ്യായിരം രൂപയില്‍ താഴെയെ ചിലവ് വരൂ. വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ചിലവ് വീണ്ടും കുറയും. നഗര പ്രദേശങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും കോഴി ഫാമുകള്‍ തുടങ്ങാമെന്നതാണ് ഏറ്റവും വലിയ മേന്മ.
ഫാമുകള്‍ ശാസ്ത്രീയമായി നിര്‍മിക്കാനുള്ള മാതൃകയും വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുണ്ട്. പ്രൊഫ.ഡോ.അമ്പിളി മേച്ചൂറിന്റെ മേല്‍നോട്ടത്തില്‍ സഹൃദയയിലെ അവസാന വര്‍ഷ ബയോടെക്‌നോളജി വിഭാഗം വിദ്യാര്‍ഥികളായ എബി ജോസഫ്, നിമ്മി പോള്‍, പി.എം മോനിഷ, സൗമ്യ തോമസ്, റോഷിന്‍ ജെയ്മസ് എന്നിവരാണ് ബിഫൈകൊ നിര്‍മിച്ചെടുത്തത്. ഈ പ്രൊജക്ട് അഖിലേന്ത്യ ടെക്‌ടോപ്പ് പ്രൊജക്ട് മത്സരത്തില്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെ അര ലക്ഷം രൂപയുടെ ഗ്രാന്റും ബിഫൈകൊക്ക് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."