കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവകര്‍ത്തകരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ എം.എസ്.എഫ് നേതാക്കളടക്കമുള്ള യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം തടയാനെത്തിയ പൊലിസിനു നേരെയും കൈയറ്റമുണ്ടായി. ഇന്നലെ രാവിലെ 10ന് യൂനിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒന്‍പതോടെയാണ് കാംപസില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. കാസര്‍കോട് ജില്ലയിലെ എം.എസ്.എഫിന്റെ യു.യു.സിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലിസ് പലതവണ ലാത്തിവീശി. പൊലിസിനു നേരെയും കൈയേറ്റമുണ്ടായി. ചെടിച്ചട്ടിയും ഹെല്‍മറ്റും വടിയും ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണം. വടിയും കല്ലും എടുത്ത് പരസ്പരം എറിയുന്ന സാഹചര്യവുമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലിസും മര്‍ദിച്ചെന്ന് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ആദ്യസംഘര്‍ഷത്തിന് ശേഷം സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും 11ഓടെ വീണ്ടും പ്രശ്നം തുടങ്ങി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചവരെ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അടുത്ത പ്രശ്നം. യു.ഡി.എസ്.എഫിന്റെ യു.യു.സിമാര്‍ എത്തിയ ബസിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്.
എസ്.എഫ്.ഐക്കാരെ ആക്രമിച്ചവര്‍ ബസിലുണ്ടെന്നും ഇവരെ വിടില്ലെന്നുമായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണി. ഇതിനിടെ ബസ് ടയറിന്റെ കാറ്റഴിച്ചുവിടാനും നീക്കമുണ്ടായി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹമാണ് സര്‍വകാശാല പരിസരത്ത് നിലയുറപ്പിച്ചത്. ഏറെ ശ്രമത്തിനൊടുവിലാണ് പൊലിസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പരുക്കേല്‍ക്കുകയും കാമറകള്‍ക്ക് കേടുസംഭവിക്കുകയും ചെയ്തു. സംഘര്‍ഷത്തിന് അയവില്ലാതായതോടെ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മുസലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."