ഇൻഡോർ - ബിലാസ്‌പൂർ നർമദ എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലിസ്
ഭോപ്പാൽ: മധ്യപ്രദേശിലെ കത്നിയിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 28 വയസ്സുള്ള യുവതിയെ കാണാതായതിനെ തുടർന്ന് പൊലിസ് അന്വേഷണം ആരംഭിച്ചു. അർച്ചന തിവാരി എന്ന യുവതിയാണ് കാണാതായത്. ഇൻഡോർ - ബിലാസ്‌പൂർ നർമദ എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേയാണ് സംഭവം. യുവതിയുടെ ബാഗ് ട്രെയിനിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സിവിൽ ജഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അർച്ചന, ഇൻഡോറിൽ താമസിച്ചിരുന്നു. ഓഗസ്റ്റ് 7-ന് രാവിലെ ബി3 കോച്ചിൽ യാത്ര ചെയ്ത് സ്വന്തം നാടായ കത്നിയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ, കത്നി റെയിൽവെ സ്റ്റേഷനിൽ അവർ എത്തിയില്ല. മകൾ ട്രെയിനിൽ നിന്ന് ഇറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ, ട്രെയിനിന്റെ അടുത്ത സ്റ്റോപ്പായ ഉമരിയയിൽ പരിശോധന നടത്താൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നിട്ടും അർച്ചനയെ കണ്ടെത്താനായില്ല.
ബന്ധുക്കൾ റെയിൽവെ പൊലീസിനെ വിവരമറിയിച്ചു. ഭോപ്പാൽ വിട്ട ശേഷം മകളുമായി ഫോൺ വഴി സംസാരിച്ചിരുന്നുവെന്നും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതായും ബന്ധുക്കൾ പൊലിസിനോട് വ്യക്തമാക്കി. റാണി കമലാപതി സ്റ്റേഷനിൽ അർച്ചനയെ കണ്ടവർ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഭോപ്പാൽ കഴിഞ്ഞതിന് ശേഷം ആരും അവരെ കണ്ടിട്ടില്ല.
പൊലിസ് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. യുവതിയെ കണ്ടെത്താൻ വിപുലമായ തിരച്ചിൽ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."