'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്
തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലിസിലാണ് ഗോകുല്‍ പരാതി നല്‍കിയിരിക്കുന്നത്.
കുറച്ചുദിവസങ്ങളായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് പരിപാടികളൊന്നുമില്ലെന്നും എം.പിയുടെ ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും കേന്ദ്ര മന്ത്രി എന്നുവരുമെന്ന കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഗോകുല്‍ പറയുന്നു. തുടര്‍ന്നാണ് ഇ-മെയില്‍ വഴി പൊലിസില്‍ പരാതി നല്‍കിയത്. തിരോധാനത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
'തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എം.പിയെ കഴിഞ്ഞ ഛത്തീസ്ഗഢ് വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത നടപടിക്കുശേഷം തൃശൂര്‍ മണ്ഡലത്തില്‍ എവിടെയും കാണാന്‍ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാല്‍ സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെ ആണെന്നും കണ്ടെത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു' -പരാതിയില്‍ പറയുന്നു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കഴിഞ്ഞദിവസം സുരേഷ് ഗോപിയെ ട്രോളിയിരുന്നു. 'തൃശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു' എന്നായിരുന്നു മന്ത്രിയുടെ പരഹാസം. ഫേസ്ബുക്ക് വഴിയാണ് മന്ത്രി കേന്ദ്രമന്ത്രിയെ ട്രോളിയത്.
ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും സമാനരീതിയില്‍ സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തു വന്നിരുന്നു. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമൊന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു മെത്രാപ്പോലീത്തയുടെ പരിഹാസം.
KSU Thrissur District President Gokul Guruvayur has filed a police complaint alleging the disappearance of Union Minister and Thrissur MP Suresh Gopi. The complaint follows his absence from public events amid controversies over the arrest of Malayali nuns in Chhattisgarh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."