തെരഞ്ഞെടുപ്പ് നടപടികൾക്കിടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഓഡിറ്റ് ഭാരം; പദ്ധതി പ്രവൃത്തികളും താളംതെറ്റി
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: തെരഞ്ഞെടുപ്പ് നടപടികൾക്കായി അവധിദിനങ്ങളിലും പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിപ്രവൃത്തികളുടെ നടത്തിപ്പിന് പുറമെ ഓഡിറ്റ് ഭാരവും.
ഈ മാസം 30നുള്ളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളിൽ പുരോഗമിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലും പ്രവർത്തിച്ചു. ഇതിനിടയിലാണ് കഴിഞ്ഞവർഷത്തെ ഓഡിറ്റ് നടപടികളുമായി ഓഡിറ്റ് വിഭാഗം രംഗത്തെത്തിയത്.10 ദിവസത്തിലേറെ ഇവരുടെ പരിശോധനകളുണ്ടാകും. കരട് വോട്ടർപട്ടികയിലെ ഹിയറിങ് നടപടികളാണ് നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ നടന്നുവരുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും രണ്ടായിരം മുതൽ നാലായിരം വരെ പുതിയ വോട്ടർമാരുടെ അപേക്ഷകളാണ് ലഭിച്ചത്. ഇവരുടെ രേഖകൾ പരിശോധിച്ചുവരികയാണ്. ജീവനക്കാരെല്ലാം വോട്ടർപട്ടികയുടെ തിരക്കിലമരുമ്പോഴാണ് കഴിഞ്ഞവർഷത്തെ പ്രവൃത്തികളുടെ ഓഡിറ്റ് നടപടികൾക്ക് നോട്ടിസ് ലഭിച്ചത്. ഓഗസ്റ്റിന് ശേഷം ഓഡിറ്റ് നടപടികൾ നടത്തണമെന്ന തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം മുഖവിലക്കെടുക്കാതെയാണ് നടപടി.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവൃത്തികൾ നാലുമാസം കഴിഞ്ഞിട്ടും 9.51 ശതമാനത്തിലാണ് എത്തിയത്. 25 ശതമാനം പ്രവൃത്തികൾ നാലുമാസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദേശം. കനത്ത മഴയിൽ പദ്ധതിപ്രവൃത്തികൾ തുടങ്ങാനാവാത്തതാണ് തിരിച്ചടിയായത്. നിലവിലെ ഭരണസമിതിയുടെ അവസാന പദ്ധതി പ്രവൃത്തികളാണിത്.
തദ്ദേശസ്ഥാപനങ്ങൾ തനത് സാമ്പത്തികവർഷം പൂർത്തിയാക്കേണ്ടത് 8,452.48 കോടിയുടെ പദ്ധതി പ്രവൃത്തികളാണ്. ഇതിൽ നാലുമാസത്തിനിടെ പൂർത്തിയാക്കിയത് 803.99 കോടിയുടെ പ്രവൃത്തികൾ മാത്രമാണ്. ഗ്രാമപഞ്ചായത്തുകളിൽ 11.27 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 10.99 ശതമാനവും നഗരസഭകളിൽ 8.13 ശതമാനവും ജില്ലാപഞ്ചായത്തുകളിൽ 6.43 ശതമാനവും കോർപറേഷനുകളിൽ 5.06 ശതമാനവും പ്രവൃത്തികളാണ് പൂർത്തിയായത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് പ്രവൃത്തികൾ 10 ശതമാനത്തിന് മുകളിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."