സുനന്ദയുടെ മരണം: മകനെ ചോദ്യംചെയ്തു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അവരുടെ മകന്‍ ശിവ് മേനോനെ ചോദ്യംചെയ്തു. ചൊവ്വാഴ്ച എട്ടുമണിക്കൂറോളമാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ശിവ് മേനോനെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യാനായി ഹാജരാവണമെന്നാവശ്യപ്പെട്ട് ശിവ് മേനോന് എസ്.ഐ.ടി നേരത്തെ കത്തയച്ചിരുന്നു.
ഇതുപ്രകാരം ഡല്‍ഹി വസന്ത് കുഞ്ചിലെ എസ്.ഐ.ടി ആസ്ഥാനത്ത് ഉച്ചയോടെ എത്തിയ അദ്ദേഹം രാത്രിയാണ് മടങ്ങിയത്. സുനന്ദയുടെ മൂന്നാമത്തെ ഭര്‍ത്താവായ തരൂരുമായുള്ള ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും എസ്.ഐ.ടി ചോദിച്ചറിഞ്ഞത്. അമ്മയുമായി അവസാന ദിവസങ്ങളില്‍ നടന്ന സംഭാഷണത്തെക്കുറിച്ച് ഓര്‍ക്കാനും എസ്.ഐ.ടി ശിവ് മേനോനോട് ആവശ്യപ്പെട്ടു. സുനന്ദയുടെ രണ്ടാമത്തെ ഭര്‍ത്താവ് സുജിത്ത് മേനോനാണ് 24 കാരനായ ശിവ് മേനോന്റെ അച്ഛന്‍.
അതേസമയംതരൂരിനെയും ദമ്പതികളുടെ സഹായി നാരായണ്‍ സിങിനെയും ഒരിക്കല്‍ കൂടി ചോദ്യംചെയ്യുമെന്ന് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അലോക് കുമാര്‍ വര്‍മ പറഞ്ഞു. കേസന്വേഷണം അവസാനിപ്പിക്കാന്‍ ഡല്‍ഹി പൊലിസ് ശ്രമിക്കുന്നതിനിടെയാണ് അവസാനമായി എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ശിവ് മേനോനില്‍ നിന്ന് മൊഴിയെടുത്തത്.
കേസില്‍ തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും വീട്ടുജോലിക്കാരെയും ഉള്‍പ്പെടെ ഇരുപതോളംപേരെ പലതവണ ചോദ്യംചെയ്തിരുന്നു. ഏതാനും പേരെ നുണപരിശോധനയ്ക്കും വിധേയമാക്കി. അന്വേഷണത്തിനായി അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സഹായം തേടിയ ഇന്ത്യയിലെ ഏക കൊലപാതകക്കേസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."