അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
ദുബൈ: തന്റെ 60 വർഷത്തെ പൊതുസേവനത്തിന്റെ അനുഭവങ്ങളും ജീവിതം പഠിപ്പിച്ച പാഠങ്ങളും പങ്കുവെക്കുന്ന പുതിയ പുസ്തകമായ അൽമതാനി അൽഹയാ (ജീവിതം എന്നെ പഠിപ്പിച്ചു) യെക്കുറിച്ച് കുറിപ്പുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആറ് പതിറ്റാണ്ട് കാലത്തെ നേതൃത്വം, അനുഭവങ്ങൾ, തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ പാഠങ്ങൾ എന്നിവയാണ് ഈ കൃതിയുടെ പ്രമേയം.
ഇന്ന് എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, തന്റെ 60 വർഷത്തെ പൊതുജീവിതത്തെ വേഗതയേറിയ, വെല്ലുവിളികളും നേട്ടങ്ങളും പ്രതിസന്ധികളും സന്തോഷങ്ങളും ദുഃഖങ്ങളും ആശ്ചര്യങ്ങളും നിറഞ്ഞ യാത്രയായാണ് ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചത്. ഭരണം, വ്യത്യസ്ത സ്വഭാവക്കാരുമായുള്ള ഇടപെടലുകൾ, മാനേജ്മെന്റ് തന്ത്രങ്ങൾ, പദ്ധതികൾ, രാഷ്ട്രീയത്തിന്റെ സങ്കീർണതകൾ എന്നിവയെക്കുറിച്ച് പഠിച്ച പാഠങ്ങൾ തന്റെ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "ലളിതമായ വാക്കുകളിൽ, സത്യസന്ധമായ ആവിഷ്കാരത്തോടെ, ഹൃദയങ്ങളിൽ നേരിട്ടെത്തുന്ന അർത്ഥങ്ങളോടെയാണ് ഈ പുസ്തകം രചിച്ചത്," അദ്ദേഹം കുറിച്ചു.
അൽമതാനി അൽഹയ എന്ന് പേരിട്ടിരിക്കുന്ന കൃതി പദ്ധതികളിലോ നേട്ടങ്ങളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നല്ല. മനുഷ്യന്റെ അനുഭവങ്ങൾ, ആശയങ്ങൾ, തത്വങ്ങൾ എന്നിവയാണ് പുസ്തകത്തിന്റെ കാതൽ. "ആശയങ്ങൾ നിലനിൽക്കും, ആശയങ്ങൾ വിശാലമാണ്, തത്വങ്ങൾ വലുതാണ്," ഷെയ്ഖ് മുഹമ്മദ് കുറിക്കുന്നു. തന്റെ ചിന്തകൾ ആദ്യം തനിക്കുവേണ്ടിയും, പിന്നീട് തന്റെ കുട്ടികൾക്കും, ജനങ്ങൾക്കും, ജീവിതത്തിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും വേണ്ടിയാണ് എഴുതിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂൺ 21-ന്, പുസ്തകത്തിലെ ഒമ്പതാം അധ്യായത്തിന്റെ ഭാഗമായി എഴുതിയ, തന്റെ പിതാവ് പരേതനായ ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമക്കുറിപ്പ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചിരുന്നു. എന്റെ പിതാവിന്റെ ജ്ഞാനവും ജീവിതവും പൈതൃകവും എന്നെ എത്രമാത്രം രൂപപ്പെടുത്തിയെന്ന് ഞാൻ മനസ്സിലാക്കുന്നു, ലാളിത്യം, അച്ചടക്കം, നിസ്സാരകാര്യങ്ങളിൽ ശ്രദ്ധ പതറാതിരിക്കൽ, ശ്രദ്ധാപൂർവം ശ്രവിക്കൽ, സൗമ്യത, ബഹുമാനം, എല്ലാവരോടും ദയയും നീതിയും കാണിക്കൽ എന്നിവ പിതാവിൽ നിന്ന് പഠിച്ച പാഠങ്ങളാണെന്ന് അദ്ദേഹം അന്ന് കുറിച്ചിരുന്നു.
ഷെയ്ഖ് റാഷിദിനെ ശാന്തനും തത്ത്വചിന്തയുള്ളവനുമായ വ്യക്തിയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വഞ്ചന ഇഷ്ടപ്പെടാത്ത, സമ്മർദ്ദത്തിൽ ശാന്തത പാലിക്കുന്ന, പക്ഷപാതമില്ലാതെ കാര്യങ്ങൽ അംഗീകാരിക്കുന്ന, മുഖസ്തുതിയെക്കാൾ സത്യസന്ധതയെ വിലമതിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും ദുബൈ ഭരണാധികാരി കുറിച്ചിരുന്നു. കുടുംബത്തെ സ്നേഹിക്കാനും വിമർശനങ്ങൾ സ്വീകരിക്കാനും ദയയ്ക്കും ദൃഢതയ്ക്കും ഇടയിൽ സന്തുലനം പാലിക്കാനും പിതാവ് തന്നെ പഠിപ്പിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
"ഈ പാഠങ്ങൾ എന്റെ വ്യക്തിത്വത്തെ മാത്രമല്ല, മറ്റുള്ളവരെ നയിക്കുന്നതിനും അവരുമായി ബന്ധപ്പെടുന്നതിനും വഴിയൊരുക്കി," അദ്ദേഹം കുറിച്ചു. "എന്റെ അനുഭവങ്ങളും ചിന്തകളും എന്റെ കുട്ടികൾക്കും ജനങ്ങൾക്കും പ്രയോജനപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ."
ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ പുസ്തകമല്ല അൽമതാനി അൽഹയ. മൈ വിഷൻ: ചലഞ്ചസ് ഇൻ ദി റേസ് ഫോർ എക്സലൻസ്, ഫ്ലാഷസ് ഓഫ് തോട്ട്, മൈ സ്റ്റോറി: 50 മെമ്മറീസ് ഫ്രം 50 ഇയേഴ്‌സ് ഓഫ് സർവീസ് തുടങ്ങിയ കൃതികൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discover Sheikh Mohammed's latest book, Almathani Alhay, reflecting on 60 years of public service and personal lessons. Explore insights on leadership, human experiences, and guiding principles from the Dubai Ruler.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."