തെരുവു വിളക്കുകള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ആക്കി മാറ്റുന്നു
തൃശൂര്‍: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ വടക്കാഞ്ചേരി നഗരസഭ, അടാട്ട്, കോലഴി, കൈപ്പറമ്പ്, തോളൂര്‍, അവണൂര്‍, മുളങ്കുന്നത്തുകാവ്, തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള തെരുവു വിളക്ക് പൂര്‍ണമായും മാറ്റി ആധുനിക രീതിയിലുള്ള എല്‍.ഇ.ഡി തെരുവു വിളക്കുകള്‍ ആക്കി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കാന്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയുടെ അധ്യക്ഷതയില്‍ തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു നിയമസഭാ മണ്ഡലത്തിലെ തെരുവു വിളക്കുകള്‍ പൂര്‍ണമായും ആധുനികവല്‍ക്കരിച്ച് എല്‍.ഇ.ഡി ആക്കിമാറ്റുന്നത്. നിലവില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും ചേര്‍ന്ന് മുപ്പതിനായിരത്തോളം തെരുവു വിളക്കുകള്‍ നിലവിലുണ്ട്. തെരുവു വിളക്കുകള്‍ക്ക് ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ട് കോടിയോളം രൂപ വൈദ്യുതി ചാര്‍ജായി അടക്കേണ്ടി വരുന്നു.
പദ്ധതി നടപ്പിലാവുന്നതോടുകൂടി വൈദ്യുതി ചാര്‍ജ് മൂന്നില്‍ ഒന്നായി കുറയുകയും, മൂന്നില്‍ രണ്ട് ഊര്‍ജം സേവ് ചെയ്യുന്നതിനും സാധിക്കും.
സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക പരിഗണനക്ക് വിധേയമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇ.ഇ.എസ്.എല്‍ ആണ് ഈ പദ്ധതി ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും നടപ്പിലാക്കുന്നത്. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ പ്രതിവര്‍ഷം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പത്ത് ലക്ഷം രൂപ ലാഭിക്കാന്‍ കഴിയുന്നതോടൊപ്പം എല്‍.ഇ.ഡി വിളക്കുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഗ്യാരണ്ടി ഉള്ളതിനാല്‍ നിലവില്‍ ഒരു വര്‍ഷത്തെ മെയിന്റിനന്‍സിന് പഞ്ചായത്തുകള്‍ ചെലവഴിക്കുന്ന പത്ത് ലക്ഷം രൂപയും അടക്കം പ്രതിവര്‍ഷം ഇരുപത് ലക്ഷം രൂപ പ്രത്യക്ഷമായും, വലിയൊരളവ് വൈദ്യുതി പരോക്ഷമായും ലാഭിക്കാന്‍ ഈ പദ്ധതി വഴി സാധിക്കും.
യോഗത്തില്‍ വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു.സി.എടക്കളത്തൂര്‍, വൈസ് പ്രസിഡന്റ് സുമ ഹരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.വി കുരിയാക്കോസ്, പഞ്ചായത്ത് പ്രസിഡന്റു മാരായ എ.ജെ ഷാജു, വി.ഒ ചുമ്മാര്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജിമ്മി ചൂണ്ടല്‍, തങ്ങാലഴി രാമചന്ദ്രന്‍, ശ്രീകല കുഞ്ഞുണ്ണി, എന്‍.കെ പ്രമോദ് കുമാര്‍, മുരളി അടാട്ട്, വി.വി രാംകുമാര്‍, പി.ജെ രാജു, ഷൈലജ ശ്രീനിവാസന്‍, ആനി റാഫേല്‍, സീന ഷാജന്‍, ഒ.എം ഷാജു, ജോസ് കെ.വി എന്നിവരും കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ എ.കെ രവീന്ദ്രന്‍, ടി.പി സൗദാമിനി, ഡോളി പോള്‍.വി, ഇ.ഇ.എസ്.എല്‍ ചീഫ് എന്‍ജിനീയര്‍ വി.ഉണ്ണികൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."