പുതിയ ജിഎസ്ടി നിരക്കുകൾ നാളെ മുതൽ
28, 18, 12, 5 ശതമാനം സ്ലാബുകളായിരുന്ന ജി.എസ്.ടി ഘടന 5, 18 ശതമാനം സ്ലാബുകൾ മാത്രമാക്കിയ പരിഷ്‌കരണത്തോടെ പുതുക്കിയ ജി.എസ്.ടി നിരക്കുകൾ നാളെ മുതൽനിലവിൽ വരും. 28 ശതമാനം ജി.എസ്.ടിയുണ്ടായിരുന്ന ഉൽപന്നങ്ങൾക്ക് 18 ശതമാനമായിരിക്കും ഇനി നികുതി. 12 ശതമാനത്തിലുള്ളത് അഞ്ചു ശതമാനത്തിലേക്കും താഴ്ന്നു. ഇതോടെ നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും.
സിഗരറ്റ്, പാൻമസാല അടക്കമുള്ളവയുടെയും ആഡംബര വസ്തുക്കളുടേയും നികുതി 40 ശതമാനമായി തുടരും. തുണി വ്യവസായം, വളം, പുനരുപയോഗ ഊർജ്ജം, ഓട്ടോപാർട്സ്, കരകൗശല വസ്തുക്കൾ, കൃഷി, ആരോഗ്യം, ഇൻഷുറൻസ് എന്നിവയുൾപ്പെടെ എട്ട് മേഖലകളിൽ ജി.എസ്.ടി ഇളവ് ഗുണം ചെയ്യും.
വാഹനങ്ങൾക്കു വലിയ തോതിൽ വില കുറയും. നികുതി കുറയുന്നതിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യാമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. നികുതിയിളവിന്റെ ഗുണം സാധാരണക്കാർക്ക് ലഭ്യമാകുമെന്നുറപ്പാക്കാൻ സംവിധാനങ്ങളൊന്നുമില്ല. നികുതി കുറയുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിനും കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ല. പുതിയഘടന വരുന്നതോടെ കേരളത്തിന് ആകെ വരുമാനത്തിന്റെ 20 ശതമാനം കുറയുമെന്നാണ് കണക്ക്. ഇൻഷൂറൻസ് മേഖലയിൽ മാത്രം കേരളത്തിന് നഷ്ടം 900 കോടി വരും.
ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ഇൻഷൂറൻസ്, സിമന്റ് എന്നീ മേഖലയിൽ കേരളത്തിനുണ്ടാകുന്ന നഷ്ടം 2500 കോടിയായിരിക്കും. ലോട്ടറി മേഖലയെയും ബാധിക്കും. ജി.എസ്.ടി സ്ലാബുകൾ രണ്ടാക്കി ചുരുക്കുമ്പോൾ ഉണ്ടാകുന്ന വരുമാനം നഷ്ടം സംബന്ധിച്ച കണക്കുകൾ ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാറിനോട് കേരളം ആവശ്യപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. നോട്ടുനിരോധനം പോലെ പഠനം നടത്താതെ നടപ്പാക്കുന്ന പദ്ധതിയായാണ് സംസ്ഥാന സർക്കാർ പരിഷ്‌കരണത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
"GST is a tax that suppresses growth; the new reforms are inadequate," criticizes the Congress.