കല്ലന്‍തോട് നീര്‍ത്തട പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; കര്‍ഷകര്‍ പ്രതീക്ഷയില്‍
മുക്കം: 25 വര്‍ഷത്തോളം കൃഷി മുടങ്ങിക്കിടന്ന കൊടിയത്തൂര്‍ ചെറുവാടിയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി കല്ലന്‍തോട് നീര്‍ത്തട പദ്ധതി യാഥാര്‍ഥ്യമാകുന്നു. പഞ്ചായത്തിലെ ചെറുവാടി, പന്നിക്കോട്, പൊറ്റമ്മല്‍ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 500 ഏക്കറോളം വരുന്ന സ്ഥലത്താണ് നെല്‍കൃഷി പുനരാരംഭിക്കുന്നത്. 80 ലക്ഷത്തോളം രൂപ ചെലവില്‍ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും കൃഷിഭവനും കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത കര്‍ഷകരുടെ യോഗത്തില്‍ പുഞ്ചപ്പാടത്ത് നെല്‍കൃഷിയിറക്കാന്‍ ധാരണയായി.
വയലിലെ അമിതമായ വെള്ളകെട്ടാണ് ഇവിടെ കൃഷിയിറക്കുന്നതിനു പ്രധാന തടസം. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് കല്ലന്‍തോട് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നെല്‍കൃഷിയിറക്കാന്‍ കര്‍ഷര്‍ക്കൊപ്പം കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കും തയാറാകും. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ബാങ്കിന് കീഴിലെ അഗ്രോ സര്‍വിസിന്റെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്ത സ്ഥലത്ത് ബാങ്ക് കൃഷിയിറക്കും. കര്‍ഷകര്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ നല്‍കാനും ബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പന്നിക്കോട് എടപ്പറ്റയില്‍ നിന്ന് തുടങ്ങി ചെറുവാടി ഇരുവഴിഞ്ഞിപ്പുഴയില്‍ എത്തിച്ചേരുന്ന കല്ലന്‍തോട് പല ഭാഗങ്ങളിലും സംരക്ഷണഭിത്തി പൊളിഞ്ഞ് ഏതു സമയത്തും വയലില്‍ വെള്ളക്കെട്ടായിരുന്നു. അതിനാല്‍ ആദ്യഘട്ടത്തില്‍ കല്ലന്‍തോട് നവീകരിക്കുകയായിരുന്നു. ഇതോടെ വയലിലെ വെള്ളക്കെട്ടിനും പരിഹാരമായി. വെള്ളക്കെട്ട് മാറിയതോടെ പൊറ്റമ്മല്‍ ഭാഗങ്ങളിലെല്ലാം ചില കര്‍ഷകര്‍ നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്.
വയലില്‍ വെള്ളം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഒഴുക്കി കളയാനും ആവശ്യമുള്ളപ്പോള്‍ വയലുകളിലേക്ക് തിരിച്ചുവിടാനും തടയണയും നിര്‍മിക്കും. പുഞ്ചപ്പാടത്ത് കൃഷിയിറക്കാന്‍ സന്നദ്ധരായി നിരവധി കര്‍ഷകര്‍ മുന്നോട്ടു വന്നിട്ടുണ്ട്. കര്‍ഷകരുടെ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷനായി. ബാങ്ക് ഡയറക്ടര്‍ നാസര്‍ കൊളായി, കെ.പി ചന്ദ്രന്‍ , ചേറ്റൂര്‍ മുഹമ്മദ്, കൃഷി അസി. സുബ്രഹ്മണ്യന്‍, കെ.പി.യു അലി, കെ. മമ്മദ്, അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."