കൂത്തുപറമ്പില്‍ ഗതാഗത പരിഷ്‌കരണം മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗര നവീകരണ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി. ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗര നവീകരണ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്നലെ മുതല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത്. ഇതുപ്രകാരം കൂത്തുപറമ്പില്‍ നിന്നു തലശ്ശേരി, പാനൂര്‍ ഭാഗത്തേക്കു പോകുന്ന ബസുകള്‍ സ്റ്റാന്റില്‍ നിന്നും ഇറങ്ങിയാല്‍ തലശ്ശേരി റോഡില്‍ മുസ്‌ലിം ജുമാ മസ്ജിദ് ഗേറ്റ് കഴിഞ്ഞുള്ള സ്ഥലത്തും സ്റ്റാന്റില്‍ നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കണ്ണൂര്‍ റോഡില്‍ പൊന്‍ കൊട്ടാരം ജ്വല്ലറിക്കു സമീപത്തും മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ. മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സ്റ്റാന്റ് വിട്ടാല്‍ പിലാക്കൂട്ടം മഖാമിനടുത്ത് സ്റ്റോപ്പിലും മാത്രം നിര്‍ത്തണം. കണ്ണൂര്‍ ഭാഗത്തു നിന്നു വരുന്ന ബസുകള്‍ കണ്ണാശുപത്രിസ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷം സ്റ്റാന്റില്‍ മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ. മട്ടന്നൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പാലത്തുംകര മൂര്യാട് റോഡ് ജംഗ്ഷനില്‍ നിര്‍ത്തിയാല്‍ അടുത്ത സ്റ്റോപ്പ് സ്റ്റാന്റില്‍ മാത്രമായിരിക്കും. കൂടാതെ തലശ്ശേരി റോഡില്‍ പഴയ സ്റ്റേറ്റ് ബാങ്ക് മുതല്‍ പാലത്തുംകര ജങ്ഷന്‍ വരെയും കണ്ണൂര്‍ റോഡില്‍ വിന്‍ന്‍േറജ് ഹോട്ടല്‍ വരെയും തലശേരി റോഡില്‍ താലൂക്ക് ആശുപത്രി കാഷ്യാലിറ്റി ഗേറ്റ് വരെയും റോഡിന്റെ ഇരുവശവും സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ല. ബസ്റ്റാന്റ് ട്രഷറി റോഡ്, സ്റ്റേഡിയം റോഡ്, മാര്‍ക്കറ്റ്, പൊലിസ് സ്റ്റേഷന്‍ റോഡ്, നിര്‍ദ്ദിഷ്ട ബസ്റ്റാന്റ് പരിസരം, പഴയ ലാന്റ് ട്രിബ്യൂണല്‍ പരിസരം, സിവില്‍ കോടതി പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിച്ചു. കൂടാതെ മാര്‍ക്കറ്റ് മുതല്‍ നരവൂര്‍ റോഡ് ജങ്ഷന്‍ വരെയുള്ള ഗോകുലതെരു റോഡ് വണ്‍വെയാക്കി. ഗതാഗതപരിഷ്‌ക്കാര നടപടികളുടെ ഉദ്ഘാടനം ബസ്റ്റാന്റ് പരിസരത്ത് സി.ഐ കെ സുരേഷ് ബാബു നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷന്‍ എം സുകുമാരന്‍ അധ്യക്ഷനായി. കെ ധനഞ്ജയന്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊലിസിന്റെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഗതാഗത പരിഷ്‌കാരങ്ങളടങ്ങിയ നോട്ടിസ് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."