ദുബൈയിൽ ഇനി ക്യാഷ് വേണ്ട; 'ക്യാഷ്‌ലെസ്സ്' യാത്ര ഉറപ്പാക്കാൻ കൈകോർത്ത് എമിറേറ്റ്‌സും ഫ്ലൈദുബൈയും
ദുബൈ: ദുബൈയിൽ അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും ഇനി മുതൽ പണത്തിന്റെ ആവശ്യം കുറയും. ഇതിന്റെ ഭാഗമായി എമിറേറ്റ്സും ഫ്ലൈദുബൈയും ദുബൈ ധനകാര്യ വകുപ്പുമായി (DOF) പുതിയ കരാറുകളിൽ ഒപ്പുവച്ചു. വിനോദസഞ്ചാരികളുടെ ഡിജിറ്റൽ പേയ്മെന്റ് ഉപയോഗം വർധിപ്പിക്കാനും യാത്രകൾ സുഗമമാക്കാനുമായാണ് ഫ്ലൈദുബൈയും എമിറേറ്റ്സും കൈ കോർക്കുന്നത്. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ 90% പേയ്മെന്റുകളും ഡിജിറ്റലാക്കാനുള്ള സംരംഭത്തിന്റെ ഭാഗമാണിത്.
2024-ൽ 18.7 മില്യൺ അന്താരാഷ്ട്ര സന്ദർശകർ എത്തിയ ദുബൈയിൽ ഇപ്പോഴും പലരും പണത്തിനെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം വലിയ തോതിൽ കുറയ്ക്കാനായാണ് രണ്ട് എയർലൈനുകളും DOF-ഉം സഹകരിച്ച് പ്രത്യേക ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. ടിക്കറ്റ് ബുക്കിങ് മുതൽ താമസം വരെ സുരക്ഷിത ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുകയും, എമിറേറ്റ്സ്-ഫ്ലൈദുബായ് വെബ്സൈറ്റുകളിലും ആപ്പുകളിലും കൂടുതൽ ഓപ്ഷനുകൾ നൽകുകയും യാത്രയ്ക്കിടെ കോൺടാക്റ്റ്‌ലെസ് പേയ്മെന്റുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
നഗരവ്യാപകമായി ടൂറിസ്റ്റുകൾക്കായി പണരഹിത സേവനങ്ങൾ മനസ്സിലാക്കാനുള്ള ബോധവൽക്കരണ കാമ്പെയ്നുകളും ആരംഭിക്കും. "വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന നിമിഷം മുതൽ നഗരം പര്യവേക്ഷണം ചെയ്യുന്നത് വരെ സന്ദർശകർ സുരക്ഷിതവും പണരഹിതവുമായ യാത്ര ആസ്വദിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം." കരാറുകൾ യാത്രാനുഭവം കൂടുതൽ സുഗമമാക്കുമെന്ന് എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യൽ ഓഫീസറുമായ അദ്നാൻ കാസിം പറഞ്ഞു.
"പങ്കാളിത്തം ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റുകൾ ലളിതവും ആക്‌സസ് ചെയ്യാവുന്നതുമാക്കും." ഫ്ലൈദുബായ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഹമദ് ഒബൈദിബ്ലൽ വ്യക്തമാക്കി.
"വിനോദസഞ്ചാരികളെ ഡിജിറ്റൽ പേയ്മെന്റിലേക്ക് നയിക്കുന്നത് ദുബൈയുടെ ഭാവി സാമ്പത്തിക പദ്ധതികളുടെ കാതലാണ്. ഇത് നഗരത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും കാര്യക്ഷമതയും വർധിപ്പിക്കും." DOF-ലെ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അലി മെഫ്ത പറഞ്ഞു.
emirates and flydubai join forces with dubai's finance department to promote cashless journeys for tourists, enabling digital payments from ticket booking to city exploration; this initiative aims for 90% digital transactions by 2026, enhancing security and efficiency in the uae's tourism hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."