മൃഗശാലയിലെ ഹിമാലയന്‍ കരടി മരണാസന്ന നിലയില്‍
തിരുവനന്തപുരം: മൃഗശാലയിലെ ഹിമാലയന്‍ കരടി ഭവാനി മരണാസന്ന നിലയില്‍.
ഒരു മാസത്തോളമായി ചികിത്സയും പരിചരണവുമില്ലാതെ മരണത്തോടു മല്ലടിച്ച് കഴിയുന്ന കരടിയെ ഇന്നു മൃഗശാലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനായി കരടിയെ പാര്‍പ്പിച്ചിരിക്കുന്ന തുറന്ന കൂട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പു കൂട് സ്ഥാപിച്ചു. കീപ്പര്‍മാര്‍ കരടിയെ ഇരുമ്പു കൂട്ടിലേക്ക് ഓടിച്ചു കയറ്റുകയാണ് ചെയ്യുന്നത്.
എന്നാല്‍, തീരെ അവശതയില്‍ കഴിയുന്ന കരടിയെ ഓടിച്ചു കൂട്ടില്‍ കയറ്റുന്നത്, കരടിയുടെ ജീവനുതന്നെ അപകടമുണ്ടാക്കുമെന്ന് കീപ്പര്‍മാര്‍ പറയുന്നു. ഏകദേശം 18 വയസ്സോളം പ്രായമുള്ള ഹിമാലയന്‍ കരടിക്ക് പ്രായാധിക്യം കൊണ്ടുള്ള അസുഖമാണുള്ളതെന്നാണ് അധികൃതരുടെ ഭാഷ്യം.
എന്നാല്‍, മൃഗശാലയിലെ നിരവധി മൃഗങ്ങള്‍ ഇത്തരത്തില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതു മൂലം അവശതയില്‍ കഴിയുന്നുണ്ടെന്ന് കീപ്പര്‍മാര്‍ പറയുന്നു.
ഗുരുതരാവസ്ഥയിലായ സിംഹത്തിന് മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സ ലഭിച്ചത്. കുളമ്പുരോഗത്തിന് ചികിത്സ ലഭിക്കാതെ നിരവധി മാനുകള്‍ ഇതിനോടകം ചത്തു. വിദേശയിനം പക്ഷികളില്‍ പലതും ചത്തു. അധികൃതരുടെ ഗുരുതര അനാസ്ഥയാണ് പ്രധാന കാരണം. കൃത്യ സമയത്ത് ചികിത്സ നല്‍കുന്നതില്‍ കടുത്ത അലംഭാവമാണ് മൃഗശാല ഡോക്ടറടക്കമുള്ളവര്‍ കാണിക്കുന്നത്.
മൃഗശാലയില്‍ ആകെ ഒരു ഹിമാലയന്‍ കരടി മാത്രമാണുള്ളത്. ഇതിന് എന്തുതരം രോഗമാണ് പിടിപെട്ടതെന്നോ, ഏതു മരുന്നാണ് കൊടുക്കേണ്ടതെന്നോ ഡോക്ടര്‍ക്കറിയില്ല. തുറന്ന കൂട്ടില്‍ കഴിയുന്ന കരടി സന്ദര്‍ശകര്‍ക്കു മുന്നില്‍വെച്ച് ചത്തു പോയാല്‍, അത് അധികൃതര്‍ക്ക് ദോഷം ചെയ്യുമെന്നു കണ്ടാണ് ഇപ്പോള്‍ ആശുപത്രിയിലേക്കു മാറ്റുന്നത്. ആശുപത്രിയിലെത്തിച്ചാലും കരടിക്ക് മരുന്നു നല്‍കാന്‍ സാധ്യതയില്ലെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. ഇവിടെ കിടന്നു ചത്താല്‍ പുറംലോകമറിയാതെ, പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ മറവു ചെയ്യാമെന്ന രഹസ്യ അജണ്ടയാണത്രേ അധികൃതര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."