അപകടമേഖലയില്‍ റോഡ് പുറമ്പോക്ക് കൈയേറ്റം; പരാതി തന്നാല്‍ നോക്കാമെന്ന് പഞ്ചായത്ത്
കടയ്ക്കല്‍: അപകടമേഖലയിലെ റോഡിനോടുചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമി കൈയേറി അനധികൃത നിര്‍മാണം തകൃതി. വന്‍അപകടങ്ങള്‍ക്ക് കാരണമാകുമെങ്കിലും രേഖാമൂലം പരാതി നല്‍കിയാലേ നടപടിയെടുക്കൂവെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍.
നിലമേല്‍-മടത്തറ പാതയില്‍ കടയ്ക്കല്‍ ആറ്റുപുറത്തെ സ്വകാര്യ ഓഡിറ്റോറിയത്തിന് വേണ്ടിയാണ് അനധികൃത നിര്‍മാണം നടക്കുന്നത്. സ്ഥിരം അപകടമേഖലയായ ഇവിടെ റോഡിന്റെ വളവിനോട് ചേര്‍ന്നാണ് നിര്‍മാണം പുരോഗമിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ ഇടപെടാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇവിടെ റോഡരികില്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി നിര്‍മിച്ച ഷെഡുകള്‍ ഏതാനുംമാസം മുന്‍പ് പഞ്ചായത്തും പൊലിസും ചേര്‍ന്ന് ഒഴിപ്പിച്ചിരുന്നു.ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോരക്കച്ചവടക്കാരെയും അധികൃതര്‍ വിരട്ടിയോടിച്ചു. പക്ഷേ ഈ നിയമലംഘനത്തിനെതിരേ ചെറുവിരലനക്കിയിട്ടില്ല.
റോഡില്‍ നിന്നും ഒരുമീറ്റര്‍പോലും അകലമില്ലാതെയാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാത്തതെന്ന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതിയംഗങ്ങളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."