ന്യൂനപക്ഷ പദ്ധതികള്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആക്ഷേപം
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പലതും ഈ വിഭാഗം തടയിട്ടിരുന്നു.
മന്ത്രിമാര്‍ ഉത്തരവ് നല്‍കിയാലും ഉത്തരവുകളില്‍ ന്യൂനതകള്‍ തിരുകി കയറ്റി മടക്കി വിടുന്ന പ്രവണത സര്‍ക്കാര്‍ മാറിയിട്ടും തുടരുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച അറബി സര്‍വകലാശാലയ്ക്ക് ഇടങ്കോലിട്ട ഉദ്യോഗസ്ഥന്‍ തന്നെയാണ് ഈ സര്‍ക്കാരിന്റെ കാലത്തും ധനകാര്യ വകുപ്പിന്റെ തലപ്പത്തിരിക്കുന്നത്.
മറ്റെല്ലാ വകുപ്പുകളിലും മാറ്റമുണ്ടായിട്ടും ഈ ഉദ്യോഗസ്ഥനുമാത്രം മാറ്റമില്ല. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലയ്ക്ക് കീഴിലുമുള്ള എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ സര്‍ക്കാര്‍ അനുവദിച്ചപ്പോഴും മലബാറിലെ ചില കോളജുകളെ തരംതിരിയ്ക്കുകയും അവഗണിക്കുകയും ചെയ്തു. ഇതിനായി ഇപ്പോള്‍ കോളജ് മാനേജര്‍മാര്‍ കോടതി കയറി ഇറങ്ങുകയാണ്.
മഞ്ചേരിയില്‍ കോളജ് അനുവദിച്ചപ്പോഴും ഉദ്യോഗസ്ഥ ലോബികള്‍ തടസവാദം നിരത്തിയിരുന്നു. കൂടാതെ അലിഗഢ് സര്‍വകലാശാല, ഇഫ്‌ളു സര്‍വകലാശാല ഓഫ് കാംപസുകള്‍ എന്നിവയെ ക്ഷയിപ്പിച്ചതും ഈ ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടലാണത്രേ. മറ്റു ന്യൂനപക്ഷ പദ്ധതികളിലും ഈ അവഗണന തുടരുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ ഏരിയാ ഇന്റന്‍സീവ് ഫോര്‍ ബേക്ക്‌വേര്‍ഡ് മൈനോറിറ്റീസ് പ്രോഗ്രാമിനു കീഴില്‍ 1995 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 33 വിദ്യാലയങ്ങളിലെ 71 അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നില്ല.
ഇവര്‍ക്ക് ശമ്പളം നല്‍കണമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഉത്തരവില്‍ ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം തെറ്റായി രേഖപ്പെടുത്തിയതിനാല്‍ അതിലും ഇവര്‍ തഴയപ്പെട്ടു. ഇപ്പോഴും വിദ്യാഭ്യാസ മന്ത്രിയുടെ കനിവും കാത്തിരിക്കുകയാണ് ഈ അധ്യാപകര്‍.
എ.ഐ.പി സ്‌കൂളുകളുടെ കാര്യത്തില്‍ ഇനിയും തീരുമാനം വൈകിയാല്‍ മലബാറിലെ ഈ സ്‌കൂളുകള്‍ നിലകൊള്ളുന്ന ജില്ലകളിലെ മുഴുവന്‍ ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് വന്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് അസോസിയേഷന്‍ വര്‍ക്കിങ് കണ്‍വീനര്‍ പി.ഷൗക്കത്തലി കരുവാരകുണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."