പോരാട്ടച്ചൂടില്‍ തിളച്ച് പത്തനംതിട്ട
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമ്പോഴും പടിഞ്ഞാറന്‍ മലനിരകളുടെ ചെരുവുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന, സംസ്ഥാനത്തിന്റെ തീര്‍ഥാടന തലസ്ഥാനമായ പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മറ്റൊരു ചൂടിലാണ്. എക്കാലത്തെയും ഉരുക്കുകോട്ടയായ മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും ആവനാഴിയിലെ അസ്ത്രങ്ങളൊക്കെയും പുറത്തെടുക്കുമ്പോള്‍ കഴിഞ്ഞ തവണത്തേത് പോലെ ത്രികോണ മത്സരത്തിലേക്കാണ് എന്‍.ഡി.എ ഉറ്റുനോക്കുന്നത്.
ഇവിടെ യു.ഡിഎഫ് ടിക്കറ്റില്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി തുടര്‍ച്ചയായ നാലാം തവണ പോരിനിറങ്ങുമ്പോള്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്ക് എല്‍.ഡി.എഫിനു വേണ്ടിയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം ബി.ജെ.പിയിലെത്തിയ അനില്‍ കെ. ആന്റണിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. മസാല ബോണ്ട് വിവാദങ്ങളും ഇ.ഡിയുടെ സമന്‍സുകളും വരിഞ്ഞ് മുറുക്കുമ്പോഴും ദേശീയ രാഷ്ട്രീയത്തിലേക്കാണ് തോമസ് ഐസക്കിന്റെ കണ്ണ്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തോറ്റയിടത്താണ് അനില്‍ ആന്റണിയുടെ കന്നിയങ്കം. ശബരിമല യുവതീ പ്രവേശന വിഷയം കത്തിനിന്ന 2019ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും ശക്തമായി മാറ്റുരച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ടയിലെ തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുള്ളത്. 2009ലെ കന്നിയങ്കത്തില്‍ വിജയിച്ച ആന്റോ ആന്റണി 2014 ലും 2019ലും വിജയം തുടര്‍ന്നു.
2019ല്‍ കെ.സുരേന്ദ്രന്‍ പിടിച്ച വോട്ടുകള്‍ മറികടക്കുകയാണ് അനില്‍ ആന്റണിയുടെ മുന്നിലുള്ള കനത്ത വെല്ലുവിളി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പി.സി ജോര്‍ജിന് തുടക്കത്തിലുണ്ടായ അതൃപ്തി ഫലത്തെ സ്വാധീനിക്കുമോ എന്നതിനും ജനവിധി വരെ കാത്തിരിക്കണം. നിയമസഭാ മണ്ഡലങ്ങളിലെ ചിത്രം നോക്കിയാല്‍ 2019ല്‍ പത്തനംതിട്ടയിലെ ഏഴില്‍ ആറ് മണ്ഡലങ്ങളില്‍ യു.ഡി.എഫിനും ഒന്നില്‍ എല്‍.ഡി.എഫിനുമായിരുന്നു മേല്‍ക്കൈ. എന്നാല്‍, 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളും ഇടതുപാളയിത്തിലായി.
എങ്കിലും, മൂന്നുവട്ടവും കൂടെനിന്ന മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്‍.ഡി.എ ക്രമാനുഗതമായി വോട്ടുവിഹിതം വര്‍ധിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. മണ്ഡലത്തില്‍ യു.ഡി.എഫിന് വലിയ മേല്‍ക്കൈയുണ്ടായിരുന്ന ക്രൈസ്തവ വോട്ടുകളില്‍ ഒരു പങ്ക് 2021ലെ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലൂടെ എല്‍.ഡി.എഫിലേക്കെത്തിയത് ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പുതന്നെ മുന്നണികള്‍ പ്രചാരണം ഒരു റൗണ്ട് പിന്നിട്ടിരുന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ശബരിമലയില്‍ തീര്‍ഥാടകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ യു.ഡി.എഫും എന്‍.ഡി.എയും ഉയര്‍ത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെയും നിലവിലെ എം.പിയെയും കുറ്റപ്പെടുത്തിയാണ് എല്‍.ഡി.എഫിന്റെ പ്രതിരോധം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെയും മണ്ഡലത്തില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വരണാധികാരിയുടെ താക്കീത് ലഭിച്ച തോമസ് ഐസക്ക് മസാല ബോണ്ട് കേസില്‍ ഇ.ഡിയെ വെല്ലുവിളിച്ചാണ് പ്രചാരണം നടത്തുന്നത്.
കാര്‍ഷികമേഖലയുടെ മുരടിപ്പ്, വന്യമൃഗശല്യം, റബര്‍ മേഖലയിലെ പ്രതിസന്ധി, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിന്റെ കുറവ് തുടങ്ങിയവയും ചര്‍ച്ചയാകുന്നുണ്ട്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ശബരിമലയിലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളും തെരഞ്ഞെടുപ്പിന്റെ വീറും വാശിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."