തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; കുടിശിക മുതൽ സ്കോളർഷിപ്പ് വരെ
തിരുവനന്തപുരം: വിവിധ മേഖലകൾക്കുള്ള കുടിശിക കൊടുത്തുതീർക്കൽ മുതൽ സ്കോളർഷിപ്പ് പദ്ധതികൾക്കു തുക അനുവദിക്കുന്നത് വരെ നീളുന്ന, സംസ്ഥാനത്തെ വിവിധ മേഖലകളെ സ്പർശിക്കുന്ന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയത്. കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശിക കൊടുത്തുതിർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു വേണ്ട 992 കോടി രൂപ കണ്ടെത്താൻ വായ്പയെടുക്കും. അങ്കണവാടി വർക്കേഴ്‌സ് ആൻ്റ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി പെൻഷൻ കുടിശികയും കൊടുത്തുതീർക്കും. പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്, 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടി രൂപ ഒറ്റത്തവണയായും അധിക ധനസഹായമായി 220.25 കോടി രൂപയും അനുവദിക്കും.
പട്ടികവർഗ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് 40.35 കോടി രൂപ ഒറ്റത്തവണയായി അനുവദിക്കും. മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് 25 കോടി രൂപ അനുവദിക്കും.സ്‌കോളർഷിപ്പ് ഇനത്തിൽ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക. വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നൽകുന്ന ധനസഹായ പദ്ധതികൾ കുടിശിക ഉൾപ്പെടെ കൊടുത്തുതീർക്കുന്നതിനായി 498.36 കോടി രൂപ അധികമായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
സപ്ലൈകോ വിപണി ഇടപെടൽ ഇനത്തിൽ കുടിശിക തീർക്കുന്നതിനായി 110 കോടി രൂപ അനുവദിക്കും. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തികവർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന ബില്ലുകൾക്ക് ബി.ഡി.എസ് ഒഴിവാക്കി മുൻഗണന നൽകി നേരിട്ട് തുക അനുവദിക്കും.കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികൾക്കുള്ള കുടിശിക തീർക്കുന്നതിനായി 88.38 കോടി രൂപ അനുവദിക്കും. പ്രവാസി ക്ഷേമബോർഡിൻ്റെ പെൻഷൻ പദ്ധതി തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 70 കോടി രൂപ അനുവദിക്കും.
മരുന്ന് വിതരണ പ്രശ്നം പരിഹരിക്കാൻ 914 കോടി
സർക്കാർ ആശുപത്രികളിൽ നേരിടുന്ന മരുന്ന് വിതരണ തടസങ്ങൾ നീക്കുവാൻ കെ.എം.എസ്.സി.എലിന് 914 കോടി രൂപ ഐ.ബി.ഡി.എസ് മുഖേന അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകുന്നതിന് പണം അനുവദിക്കും. കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശിക നിവാരണത്തിനായി അധികം വേണ്ട തുക കൂടി ചേർത്ത് പണം അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."