നീലേശ്വരം ആഴ്ചന്തയ്ക്കു ഇന്നു തുടക്കം
നീലേശ്വരം: ഗതകാല പ്രൗഢിയോടെ കച്ചേരിക്കടവില്‍ ആഴ്ചചന്തയ്ക്കു ഇന്നു തുടക്കമാകും. രാവിലെ 10 നു മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എം.രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനാകും. ആഴ്ചചന്തയിലേക്കുള്ള ഉല്‍പന്നങ്ങള്‍ ഇന്നലെ മുതല്‍ തന്നെ എത്തിത്തുടങ്ങി.
എരിക്കുളം മണ്‍ചട്ടികള്‍, പരമ്പരാഗത തഴപ്പായ, കൂട്ട, അവില്‍, മലര്‍, വെറ്റില, ഉണക്കമീന്‍, വീട്ടുപകരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി പഴയകാല ആഴ്ച ചന്തയില്‍ ലഭിച്ചതും ഇന്നും ഉല്‍പാദിപ്പിക്കുന്നതുമായ എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കും.
കര്‍ഷകര്‍ക്കു ഇടത്തട്ടുകാരില്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സൗകര്യം ഇവിടെ ലഭിക്കും. കൊന്നക്കാട്, വരഞ്ഞൂര്‍, മലപ്പച്ചേരി, കണിയാട, തോളേനി എന്നിവിടങ്ങളില്‍ നിന്നാണു ജൈവപച്ചക്കറികള്‍ എത്തിക്കുന്നത്.
ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി ഭാര്‍ഗവി, കെ.പി കരുണാകരന്‍, കെ.വി സുധാകരന്‍, സെക്രട്ടറി എന്‍.കെ ഹരീഷ് സംബന്ധിച്ചു. ആഴ്ചചന്തയിലേക്കെത്തിയ ഉല്‍പന്നങ്ങള്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പച്ചക്കറകളും പഴവര്‍ഗങ്ങളും ഇന്നലെ തന്നെ ചന്തയില്‍ എത്തിച്ചിരുന്നു. ചന്തയില്‍ ജൈവ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ താല്‍പര്യമുള്ള ചെറുകിട ഉല്‍പാദകര്‍ക്ക് നേരിട്ടെത്താമെന്നു സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."