ബലി പെരുന്നാള്‍ വാണിയംകുളം ചന്തയില്‍ വന്‍ തിരക്ക്
ഒറ്റപ്പാലം: വാണിയംകുളം ചന്തയില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് വന്‍ തിരക്ക്. ബലി പെരുന്നാളിന് മന്‍പുള്ള അവസാന വ്യാഴാഴ്ച്ചയായ ഇന്നലെ ചന്തയില്‍ എത്തിയത് ആയിരകണക്കിന് കന്നുകാലികള്‍. കാസര്‍ഗോഡ് മുതല്‍ കേരളത്തിന്റെ പല ഭാഗത്തും നിന്നും ചന്തയില്‍ ആളെത്തിയപ്പോള്‍ കച്ചവടം തകൃതിയായി. ബലികര്‍മ്മം നടത്താനുള്ള ഉരുക്കളെ തേടി പലയിടത്തുനിന്നും മഹല്ല് കമ്മിറ്റികാര്‍ എത്തിയിരുന്നു.
കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും വലിയതുമായ ചന്തയാണ് വാണിയംകുളത്തേത്. കോഴികള്‍, ആടുകള്‍, കന്നുകാലികള്‍ എന്നിവക്ക് ഒരു പ്രത്യേകം വിഭാഗം ചന്തയില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കാലത്തിന്റെ കുതിപ്പില്‍ വാണിയംകുളത്തേക്ക് കന്നുകാലി ചന്ത മാത്രമായി മാറി. ഇപ്പോള്‍ ബുധനാഴ്ചകളില്‍ ആടുകള്‍ക്കും കോഴികള്‍ക്കും വ്യാഴാഴ്ചകളില്‍ കന്നുകാലികള്‍ക്കുമായി. പഴയ ചന്തയുടെ ചെറിയൊരു തുടിപ്പ് മാത്രമേ ഇന്നുള്ളൂവെങ്കിലും കന്നുകാലി ചന്തയില്‍ സംസ്ഥാനത്തെ തന്നെ വലിയ ചന്തയാണിത്.
ചന്ത നവീകരണത്തിന് പഞ്ചായത്ത് പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഒന്നും പൂര്‍ണ്ണമായില്ല. വാഹനങ്ങളിലേക്ക് കാലികളെ കയറ്റാനും ഇപ്പോഴും പ്രത്യേക സംവിധാനങ്ങളില്ല.
വ്യാഴാഴ്ച ചന്തക്ക് ബുധനാഴ്ച രാവിലെ മുതല്‍ കന്നുകളെത്തി തുടങ്ങും. അവക്കൊന്നും തീറ്റയോ വെള്ളമോ കൊടുക്കാനുള്ള സംവിധാനമില്ല. പല കന്നുകളും ദാഹിച്ചു കരയുന്നത് ദയനീയ കാഴ്ചയാണ്. മഴക്കാലത്ത് ചില ഭാഗത്ത് മുട്ടോളം ചളിയുണ്ടാവും. ചന്തയിലേക്ക് വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള പാര്‍ക്കിങ് സ്ഥലവും ഒരുക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."