ഫുട്‌ബോളിലെ 'ആത്യന്തിക നേട്ടം' ലോകകപ്പ് തന്നെ; ക്രിസ്റ്റ്യാനോയ്ക്ക് മറുപടിയുമായി ലയണൽ മെസ്സി
ഫിഫ ലോകകപ്പ് നേടുന്നത് ഫുട്‌ബോൾ കരിയറിലെ 'പരമമായ നേട്ടമാണ്' എന്ന് അർജന്റീനിയൻ നായകൻ ലയണൽ മെസ്സി തറപ്പിച്ചു പറഞ്ഞു. ലോകകപ്പ് കിരീടം നേടുന്നത് സ്വപ്നം കാണുന്നില്ലെന്ന് തന്റെ എക്കാലത്തെയും എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് മെസ്സിയുടെ ഈ പ്രതികരണം.
2022-ൽ ഖത്തറിൽ അർജന്റീനയെ ചാമ്പ്യൻ പട്ടത്തിലേക്ക് നയിച്ച മെസ്സി, അത് തന്റെ കരിയറിന് 'സംതൃപ്തി' നൽകിയെന്ന് അമേരിക്കൻ ബിസിനസ് ഫോറത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇരു താരങ്ങളും 2026 ലോകകപ്പിലേക്ക് (അമേരിക്ക, മെക്സിക്കോ, കാനഡ സംയുക്ത ആതിഥേയത്വം) രാജ്യങ്ങളെ നയിക്കുമെന്ന പ്രതീക്ഷയിൽ, ഫുട്ബോളിന്റെ ഏറ്റവും വലിയ 'റൈവലറി'യ്ക്ക് പുതിയ അധ്യായം എഴുതപ്പെടുകയാണ്.
2022 ലോകകപ്പ് മെസ്സിയുടെ കരിയറിലെ 'മിസിങ് പീസ്' ആയിരുന്നു. ബാഴ്സലോണയിലും അർജന്റീനയിലും നിരവധി ട്രോഫികൾ നേടിയിട്ടും, ഈ അഭിമാനകരമായ കിരീടം ഇല്ലാത്തത് അദ്ദേഹത്തിന്റെ 'ഗ്രേറ്റ്നസ്' ചോദ്യം ചെയ്യപ്പെടാൻ കാരണമായിരുന്നു. ഖത്തറിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് മെസ്സിയുടെ പദവി 'എക്കാലത്തെയും മികച്ച കളിക്കാരൻ' എന്ന് ഉറപ്പിച്ചു. ഇന്റർ മിയാമി സൂപ്പർസ്റ്റാർ അടുത്തിടെ അമേരിക്കൻ ബിസിനസ് ഫോറത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് നേടിയതിൻ്റെ അനുഭവത്തെക്കുറിച്ച് സംസാരിച്ചത്. കായികരംഗത്തെ ഏറ്റവും വലിയ നേട്ടമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഈ ട്രോഫി സ്വന്തമാക്കിയത് തന്റെ കരിയറിൽ ഒരു സംതൃപ്‌തി നൽകിയെന്ന് അദ്ദേഹം പറഞ്ഞു."ലോകകപ്പ് നേടുക എന്നത് പരമമായ നേട്ടമാണ്. ലോകകപ്പിന് ശേഷം, നിങ്ങൾക്ക് മറ്റൊന്നും ആവശ്യപ്പെടാനില്ല. ആ നിമിഷം മുതലുള്ള വികാരങ്ങൾ വിശദീകരിക്കാൻ പ്രയാസമാണ്. ആ പദവി വ്യക്തിപരമായ തലത്തിൽ, എന്റെ കുടുംബത്തിനും, എന്റെ സഹതാരങ്ങൾക്കും, രാജ്യത്തിനും എന്താണ് അർത്ഥമാക്കുന്നത് എന്ന് വിവരിക്കാൻ വാക്കുകൾ കണ്ടെത്തുക പ്രയാസമാണ്," മെസ്സി പറഞ്ഞു.
"രാജ്യം മുഴുവൻ അത് എങ്ങനെ ആഘോഷിച്ചുവെന്ന് വ്യക്തമായിരുന്നു. ഇത്രയും കാലത്തിനുശേഷം അത് വീണ്ടും സംഭവിക്കണമെന്ന് നമുക്കെല്ലാവർക്കും ആവശ്യവും ആഗ്രഹവും ഉണ്ടായിരുന്നു. ക്ലബ് തലത്തിൽ, വ്യക്തിപരമായി മറ്റെല്ലാം നേടാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ആ ഒരു കാര്യം മാത്രമാണ് എനിക്ക് നഷ്ടമായത്, ആ ട്രോഫിയോടെ എന്റെ മുഴുവൻ കരിയർ പൂർത്തിയാക്കിയെന്ന്" ലയണൽ മെസ്സി കൂട്ടിച്ചേർത്തു.
അതേസമയം, പിയേഴ്‌സ് മോർഗനുമായുള്ള ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് നേടുന്നത് സ്വപ്നം കാണുന്നില്ലെന്ന് അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനെ നിർണ്ണയിക്കുന്നതിനുള്ള ഒരു അളവുകോലായി ഈ അഭിമാനകരമായ ട്രോഫിയെ കണക്കാക്കേണ്ടതില്ലെന്നാണ് പോർച്ചുഗീസ് താരത്തിന്റെ അഭിപ്രായം.റൊണാൾഡോയുടെ വാക്കുകൾ "ക്രിസ്റ്റ്യാനോ ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്നമാണോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ? ഇല്ല, അതൊരു സ്വപ്നമല്ല. ഒരു മത്സരത്തിൽ, ആറ് ഗെയിമുകളിൽ, ഏഴ് ഗെയിമുകളിൽ വിജയിച്ചതുകൊണ്ട് മാത്രം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാർ ഒരാളാണോ എന്ന് നിർവചിക്കാൻ സാധിക്കുമോ? അത് ന്യായമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"
2026 ലോകകപ്പിൽ പ്രതീക്ഷയോടെ ഇരുതാരങ്ങളും
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവരുടെ കരിയറിലെ അവസാനത്തെ പ്രധാന ടൂർണമെന്റുകളിലൊന്നായ 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ രാജ്യങ്ങളെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിൽ ഇരുവരും കളിക്കുകയാണെങ്കിൽ, ആറ് ഫിഫ ലോകകപ്പ് പതിപ്പുകളിൽ പങ്കെടുക്കുന്ന ചരിത്രത്തിലെ ആദ്യത്തെ രണ്ട് കളിക്കാർ എന്ന റെക്കോർഡും ഇവർക്ക് സ്വന്തമാകും.
മെസ്സിയേക്കാൾ മികച്ചവനെന്ന് റൊണാൾഡോ
ലയണൽ മെസ്സിയുമായുള്ള തന്റെ ശത്രുതയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ധീരമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അർജന്റീനിയൻ എതിരാളിയേക്കാൾ മികച്ചവനാണ് താനെന്ന് അൽ-നാസർ താരം വിശ്വസിക്കുന്നു. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു:"മെസ്സി മികച്ചവനാണെന്ന് ഞാൻ സമ്മതിക്കുന്നില്ല. എനിക്ക് വിനയാന്വിതനാകാൻ ആഗ്രഹമില്ല."
പുരുഷ ഫുട്ബോളിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനാണ് റൊണാൾഡോ. ക്ലബ്ബിനും രാജ്യത്തിനുമായി 950-ൽ അധികം ഗോളുകൾ നേടിയിട്ടുണ്ട്. അഞ്ച് ബാലൺ ഡി ഓർ ഉൾപ്പെടെ 34 പ്രധാന ട്രോഫികളും അദ്ദേഹം നേടി. മറുവശത്ത്, 46 കരിയർ ട്രോഫികളുമായി ഫുട്ബോളിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരനാണ് മെസ്സി. ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ വിജയങ്ങൾ (എട്ട്) നേടിയ റെക്കോർഡും അർജന്റീനക്കാരൻ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."