കരമന-കളിയിക്കാവിള രണ്ടാം ഘട്ടത്തിനും ഭരണാനുമതി
തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡിന്റെ രണ്ടാംഘട്ട വികസനത്തിന് മരാമത്തു വകുപ്പ് ഭരണാനുമതി നല്കി. 200 കോടി രൂപയുടെ പ്രവൃത്തിയ്ക്കു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമാണ് ഭരണാനുമതി നല്‍കിയത്. പ്രാവച്ചമ്പലം മുതല്‍ വഴിമുക്കു വരെയാണ് രണ്ടാം ഘട്ടത്തില്‍ വികസനം നടക്കുന്നത്. ആദ്യഘട്ടം കരമന മുതല്‍ പ്രാവച്ചമ്പലം വരെയായിരുന്നു.
കരമന-കളിയിക്കാവിള ഒന്നാംഘട്ടത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ രണ്ടാം റീച്ചിന്റെ പ്രവര്‍ത്തനം ഫണ്ടില്ലാത്തതിന്റെ പേരില്‍ അനിശ്ചിതത്വത്തിലായിരുന്നു. മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് ജില്ലാ ഫ്ളാഗ്ഷിപ്പ് പദ്ധതിയുടെ ഭാഗമെന്ന പേരില്‍ ഫണ്ട് വകയിരുത്താതെ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് ബജറ്റവതരിപ്പിച്ചപ്പോള്‍ ഭേദഗതിയിലൂടെ ആവശ്യമായ 200 കോടി രൂപ പൂര്‍ണ്ണമായും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് വഴി കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ മരാമത്ത് വകുപ്പ് പുതുക്കിയ ഭരണാനുമതി നല്കാന് തീരുമാനിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."