'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ
ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച നിതാരി സീരിയൽ കൊലപാതകക്കേസിലെ പ്രതികളിലൊരാളായ സുരേന്ദ്ര കോലിയെ ദിവസങ്ങൾക്ക് മുമ്പാണ് സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത്. നിലവിലുണ്ടായിരുന്ന ഒരേയൊരു കേസിൽ കൂടി കോലിയുടെ ശിക്ഷ റദ്ദാക്കിയതോടെ, കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾ വിധിയിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. "മോഹിന്ദർ സിംഗ് പാന്ഥറും കോലിയും കുറ്റക്കാരല്ലെങ്കിൽ ഞങ്ങളുടെ മക്കളെ കൊന്നത് പിന്നെയാരാണ്? ആ വീട്ടിൽ ഒരു പ്രേതം ഉണ്ടായിരുന്നോ?" ഇരകളുടെ കുടുംബങ്ങൾ വികാരാധീനരായി ചോദിച്ചു.
മോഹിന്ദർ സിംഗ് പാന്ഥറെ കൊലപാതകങ്ങളിൽ സഹായിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് സുരേന്ദ്ര കോലി ഈ കേസുകളിൽ പ്രതിയായത്. സമാനമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉയർന്നുവന്ന 12 കേസുകളിൽ നിന്ന് കോലിയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതേ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കേസിൽ മാത്രം ജീവപര്യന്തം തടവ് നിലനിർത്തുന്നത് അസാധാരണവും നീതിക്ക് നിരക്കാത്തതുമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
കുടുംബങ്ങളുടെ പ്രതിഷേധം
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ മോഹിന്ദർ സിംഗ് പാന്ഥറെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇരുപ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടതോടെയാണ് ഇരകളുടെ കുടുംബങ്ങൾ ശക്തമായ ചോദ്യങ്ങളുമായി മുന്നോട്ട് വന്നത്.
"പാന്ഥർ കുറ്റം സമ്മതിച്ചിട്ടും അദ്ദേഹത്തെ വെറുതെവിട്ടു. ഇപ്പോൾ കോലിയും കുറ്റക്കാരനല്ലെങ്കിൽ, ഞങ്ങളുടെ കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നെ ആരാണ് ഉത്തരവാദി? ഇത്രയും വർഷം അവരെ ജയിലിൽ അടച്ചവർ ആരാണോ, അവരെ തൂക്കിലേറ്റണം," ഒരു കുട്ടിയുടെ പിതാവ് പറഞ്ഞു.
"ഇവർ രണ്ടുപേരുമല്ലെങ്കിൽ ആ വീട്ടിൽ ഉണ്ടായിരുന്ന പ്രേതമാണോ എല്ലാ കുട്ടികളെയും കൊന്നൊടുക്കിയത്? നിയമം അവരെ വെറുതെ വിട്ടാലും ദൈവം അവരെ വെറുതെ വിടില്ല," മറ്റൊരു കുട്ടിയുടെ അമ്മ വികാരാധീതയായി പ്രതികരിച്ചു. 2005-നും 2006-നും ഇടയിൽ നോയിഡയിലെ സെക്ടർ-31, നിതാരി ഗ്രാമത്തിനടുത്തുള്ള ഒരു വീട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.
families of the nitari murders victims have raised questions over the supreme court verdict, expressing disbelief and demanding justice for their murdered children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."