അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
ആലപ്പുഴ: അരൂരില്‍ ദേശീയപാതയിലെ ഗര്‍ഡര്‍ വീണ് മരിച്ച രാജേഷിന്റെ മൃതദേഹം ഒടുവില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. കരാര്‍ കമ്പനി കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപ നല്‍കുമെന്ന് ഉറപ്പുനല്‍കിയതായി രാജേഷിന്റെ ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കായി 40000 രൂപ ബന്ധുക്കള്‍ക്ക് നല്‍കി.
സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചു. മകന്റെ ജോലിക്ക് ശുപാര്‍ശ നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചതായും കുടുംബം പറഞ്ഞു.
അതേസമയം, അരൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ ദേശീയ പാതാ അതോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തും. അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കാനാണ് എന്‍എച്ച്എഐ തീരുമാനം.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ചന്തിരൂരില്‍ വെച്ച് അപകടം സംഭവിച്ചത്. സംഭവത്തില്‍ വാന്‍ ഡ്രൈവറായ ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷാണ്(45) മരിച്ചത്. നിര്‍മ്മാണത്തിനായി സ്ഥാപിക്കുന്നതിനിടെ രണ്ട് ഭീമന്‍ ഗര്‍ഡറുകളാണ് താഴേക്ക് പതിച്ചത്. മുട്ടയുമായി പോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്.
ഗര്‍ഡറുകളില്‍ ഒന്ന് വാഹനത്തിന് മുകളില്‍ പൂര്‍ണ്ണമായും പതിച്ചു, മറ്റൊന്ന് ഭാഗികമായി വീഴുകയായിരുന്നു. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.
English Summary: In the Arur girder accident on the national highway in Alappuzha, the family of the deceased driver, Rajesh (45) from Haripad, has agreed to accept his body after reaching a settlement with authorities. Following discussions with the Tahsildar, the contracting company agreed to pay ₹25 lakh in compensation to the family, along with ₹40,000 for funeral expenses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."