ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയുണ്ടായ വൻ സ്ഫോടനത്തിൽ ഏഴ് പേർക്ക് ദാരുണമായി മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു, ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പൊലിസ് സ്റ്റേഷനും അടുത്തുള്ള വാഹനങ്ങളും പൂർണ്ണമായി കത്തിനശിച്ചു.
ഫരീദാബാദിൽ നടന്ന ഭീകരാക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള വൻ സ്ഫോടക ശേഖരമാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘവും പൊലിസ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.
മരിച്ചവരിൽ തഹസീൽദാറും പൊലിസുകാരും
മരിച്ചവരിൽ തഹസീൽദാർ ഉൾപ്പെടെ നിരവധി പൊലിസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ അടിയന്തരമായി ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്കെഐഎംഎസ്) ആശുപത്രിയിലും ഇന്ത്യൻ ആർമിയുടെ 92 ബേസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഐസിയുവിൽ അതീവ നിരീക്ഷണത്തിലാണ് വെച്ചിരിക്കുന്നത്.
ഡൽഹി സ്ഫോടനക്കേസുമായി ബന്ധം?
സ്ഫോടനത്തിന്റെ തീവ്രതയിൽ പൊലിസ് സ്റ്റേഷന്റെ പ്രധാന ഭാഗങ്ങൾ നിലംപരിശായി. തൊട്ടടുത്ത കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവം ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ടതാണെന്ന് പൊലിസ് സൂചിപ്പിക്കുന്നു. ഭീകര സംഘടനയായ ജെയ്ഷയുടെ പ്രവർത്തകരിൽ നിന്ന് ഫരീദാബാദിൽ പിടിച്ചെടുത്ത ഏകദേശം 3000 കിലോ അമോണിയം നൈട്രേറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
പ്രദേശത്ത് സുരക്ഷാ ഏർപ്പെടുത്തിയ സൈന്യവും പൊലിസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."