പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം
തലശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ പത്മരാജന് ജീവപര്യന്തം. തലശേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.ടി ജലറാണിയാണ് ശിക്ഷ വിധിച്ചത്.
നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആർഎസ്എസ് പ്രവർത്തകനും, ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ. പത്മരാജന്‍ (40) കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.
പരാതി ലഭിച്ച അന്നുമുതല്‍ അട്ടിമറി നടന്നുവെന്ന ആരോപണം ഉയര്‍ന്ന കേസ് നാല് സംഘങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തെറ്റായ ദിശയിലാണ് നടക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ച കേസുമാണിത്. പ്രതിക്കെതിരേ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിട്ടുള്ളതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 2025 ഓഗസ്റ്റ് 13വരെ തുടര്‍ച്ചയായ വിചാരണ നടന്നു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥി, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലിസ് 2020 മാര്‍ച്ച് 17ന് കേസെടുത്തു. പൊയിലൂര്‍ വിളക്കോട്ടൂരില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരേ തെളിവില്ലെന്നും കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നുമായിരുന്നു ആദ്യം അന്വേഷിച്ച പാനൂര്‍ പൊലിസിന്റെ കുറ്റപത്രം. പീഡനത്തിനിരയായ വിദ്യാര്‍ഥിനിക്കായി അഭിഭാഷകന്‍ മുഹമ്മദ് ജനൈസും പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരിയും ഹാജരായി.
In the highly publicized Panur–Palathayi POCSO case, BJP leader and schoolteacher K. Padmarajan has been sentenced to life imprisonment by the Thalassery Special POCSO Court. Judge M.T. Jalarani delivered the verdict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."