വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സിനിമാ താരത്തെ പീഡിപ്പിക്കുകയും മോശം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ. എ.വി.ആർ. എന്റർടെയ്ൻമെന്റ് ഉടമയായ ഇയാളെ ശ്രീലങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
നടിയുടെ പരാതി:
36 വയസ്സുള്ള സിനിമാ താരവും മോഡലുമാണ് അരവിന്ദിനെതിരെ പരാതി നൽകിയിരിക്കുന്നത്.ദുബൈയിലും ശ്രീലങ്കയിലും വെച്ച് ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാറുള്ള അരവിന്ദ്, അത്തരത്തിലൊരു മത്സരത്തിനിടെയാണ് നടിയുമായി അടുപ്പം സ്ഥാപിക്കുന്നത്.ഈ ബന്ധം ഉപയോഗിച്ച് പിന്നീട് അരവിന്ദ് വെങ്കടേഷ് റെഡ്ഡി തന്നെ സമ്മർദ്ദത്തിലാക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് നടി പൊലിസിനോട് പറഞ്ഞു.
സമ്മർദ്ദം സഹിക്കാനാകാതെ നടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ പോലും നിർമ്മാതാവ് സ്ഥലത്തെത്തി ഉപദ്രവം തുടർന്നു.കൂടാതെ, അരവിന്ദ് തന്റെ സഹോദരനോടൊപ്പം എത്തി നടിയുടെ മോശം ദൃശ്യങ്ങൾ പകർത്തിയെന്നും, പിന്നീട് ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.ഇതോടെയാണ് മറ്റ് വഴികളില്ലാതെ നടി പൊലിസിനെ സമീപിച്ചത്.
അറസ്റ്റ് ലുക്കൗട്ട് നോട്ടീസിനെ തുടർന്ന്:
നടപടിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത ബെംഗളൂരു പൊലിസ്, ഒളിവിലായിരുന്ന അരവിന്ദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസ് നിലനിൽക്കെ, ഇന്ന് രാവിലെ ശ്രീലങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ പൊലിസ് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."