വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ
തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബി.ജെ.പി. മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി അനിൽ, പ്രാദേശിക ആർ.എസ്.എസ്. നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കടുത്ത വ്യക്തിഹത്യ താങ്ങാനാകാതെയാണ് കടുംകൈക്ക് മുതിർന്നതെന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശാലിനി ഒരു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
'പുറത്തിറങ്ങാൻ പറ്റാത്തവിധം അപവാദം പറഞ്ഞു':
കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാലിനി അനിൽ, താൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തെക്കുറിച്ച് വിശദീകരിച്ചു.തങ്ങൾ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാർത്ഥിയായി തീരുമാനിക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രാദേശിക ആർ.എസ്.എസ്. നേതാക്കളെക്കൊണ്ട് വ്യക്തിഹത്യ ചെയ്യിപ്പിച്ചത്. "ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് എന്നെയും കുടുംബത്തെയും മൊത്തത്തിൽ അപമാനിച്ചു. നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. പലരോടായി വ്യക്തിപരമായി അപവാദം പറഞ്ഞു നടക്കുകയായിരുന്നു."
നെടുമങ്ങാട് പനക്കോട്ടല വാർഡിൽ ബി.ജെ.പി. നേതൃത്വം തന്നെയാണ് തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എന്നാൽ, തനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുത് എന്നതായിരുന്നു ചിലരുടെ താൽപര്യം. ഇത് സംബന്ധിച്ച് താൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
എതിർപ്പ് പ്രാദേശിക ആർ.എസ്.എസ്. നേതാക്കൾക്ക് മാത്രം
പ്രാദേശിക ആർ.എസ്.എസ്. നേതൃത്വത്തിന് മാത്രമാണ് താൻ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പുണ്ടായിരുന്നതെന്നും, ഈ വ്യക്തിഹത്യ താങ്ങാനാവാതെയാണ് ആത്മഹത്യക്ക് ശ്രമിക്കാൻ പ്രേരിപ്പിച്ചതെന്നും ശാലിനി അനിൽ വ്യക്തമാക്കി. തുടർന്നുള്ള എല്ലാ കാര്യങ്ങളും പ്രസ്ഥാനം പറയുന്നതുപോലെ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.ശാലിനി പ്രതീക്ഷിച്ചിരുന്ന നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല വാർഡ് ഉൾപ്പെടെ ഏഴ് വാർഡുകളിൽ ബി.ജെ.പി.യുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെയും പൂർത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."