ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി എംഎസ് ധോണി ബാറ്റ് ചെയ്യാനിറങ്ങുന്നത് വളരെ വിസ്മയിപ്പിക്കുന്ന അനുഭവമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം ജോ റൂട്ട്. ധോണി ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ സ്റ്റേഡിയം കുലുങ്ങുകയും വിറക്കുകയും ചെയ്യാറുണ്ടെന്നാണ് റൂട്ട് പറഞ്ഞത്. ദി ഹോവി ഗെയിംസ് പോഡ്‌കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു റൂട്ട്.
''ഐപിഎല്ലിൽ എംഎസ് ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ സ്റ്റേഡിയം കുലുങ്ങുന്നത് പോലെയും വിറക്കുന്നത് പോലെയും തോന്നും. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ യെല്ലോ ജേഴ്സി അണിഞ്ഞ ആരാധകർ ധോണിയുടെ പേര് ആർത്തുവിളിക്കും. ധോണിയുടെ വലിയ ആരാധകകൂട്ടം എതിർ ടീമിലുള്ള താരങ്ങളിൽ വലിയ സമ്മർദമാണ് ചെലുത്തുക. ധോണി ബാറ്റ് ചെയ്യാൻ എത്തുന്നത് അവിശ്വസനീയമായ അനുഭവമാണ്'' ജോ റൂട്ട് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ്. എന്നാൽ 2025 ഐപിഎൽ സീസണിൽ ധോണിയുടെ മോശം പ്രകടനമാണ് ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത്. 14 മത്സരങ്ങളിൽ 24.50 ശരാശരിയിലും 135.17 സ്ട്രൈക്ക് റേറ്റിലും 200ൽ താഴെ റൺസ് മാത്രമാണ് ധോണി നേടിയത്.
2025 ഐപിഎൽ സീസണിൽ ചെന്നൈ നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ രണ്ടാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.
അതേസമയം പുതിയ സീസണിന് മുന്നോടിയായി സിഎസ്കെ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ ടീമിൽ എത്തിച്ചിട്ടുണ്ട്. രാജസ്ഥാനൊപ്പമുള്ള നീണ്ട വർഷക്കാലത്തെ ഐതിഹാസികമായ ക്രിക്കറ്റ് യാത്രക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്.
18 കൊടിക്കാണ് മലയാളി സൂപ്പർതാരത്തെ ചെന്നൈ സ്വന്തമാക്കിയത്. ഇതോടെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ റെക്കോർഡ് തകർത്തുകൊണ്ട് സഞ്ജു ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താരമായും മാറി. ഗ്രീൻ 2024ൽ 17.5 കോടിക്കായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറിയത്.
England legend Joe Root has revealed that it is an amazing experience to see MS Dhoni come out to bat for Chennai Super Kings in the IPL. Root said that the stadium shakes and trembles when Dhoni steps onto the field.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."