ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ നഗരസഭ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനേയും പൊലിസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി മങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കൊലപാതകം നടന്നത്. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് അഭിജിത്ത് ലഹരിമരുന്ന് വാങ്ങിയിരുന്നെങ്കിലും പണം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആദര്‍ശിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
അഭിജിത്തും അനില്‍കുമാറും കടന്നുകളയാന്‍ ശ്രമിക്കവെ കോട്ടയം പൊലിസ് രണ്ടു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പൊലിസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയായ അഭിജിത്തിനെ കേന്ദ്രീകരിച്ച് നേരത്തെ തന്നെ നിരവധിയായ ലഹരി കേസുകള്‍ കോട്ടയം വെസ്റ്റ് പൊലിസില്‍ നിലവിലുണ്ട്. കൊല്ലപ്പെട്ട ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
A 23-year-old youth was stabbed to death in Kottayam following a drug-related financial dispute. Former councillor Anilkumar and his son Abhijith were taken into police custody. Investigation underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."