ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷം; കോഴിക്കോട് സ്വദേശി പിടിയിൽ
ആലപ്പുഴ:ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൂടത്തായി സ്വദേശിയായ യദുകൃഷ്ണനെയാണ് (26) ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തട്ടിപ്പ് നടന്നതിങ്ങനെ
തട്ടിപ്പുകാർ സോഷ്യൽ മീഡിയ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയായി സ്വയം പരിചയപ്പെടുത്തി.തുടർന്ന് വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ പരാതിക്കാരൻ്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. സ്ക്രീൻഷോട്ടുകളിലൂടെ ആപ്പിന്റെ ഉപയോഗരീതി പഠിപ്പിച്ച് വിശ്വാസം നേടി.പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്ന് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപ അയച്ചുവാങ്ങി.
ഈ പണം വ്യാജ ആപ്പിലെ അക്കൗണ്ടിൽ ലാഭത്തോടുകൂടി കാണിച്ചിരുന്നെങ്കിലും, പണം പിൻവലിക്കാൻ കഴിഞ്ഞില്ല. കൂടുതൽ പണം അടച്ചാൽ മാത്രമേ തുക തിരികെ ലഭിക്കൂ എന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
അന്വേഷണവും അറസ്റ്റും
പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയതിനെ തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അറസ്റ്റിലായ യദുകൃഷ്ണൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരനിൽ നിന്ന് 50,000 അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.ചെക്ക് വഴി പിൻവലിച്ച തുക കോഴിക്കോട് സ്വദേശിയായ ഒരു സുഹൃത്തിന് കൈമാറിയതായി പ്രതി പൊലിസിനോട് സമ്മതിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പരാതിക്കാരന് നഷ്ടമായ തുകയിൽ 4.5 ലക്ഷം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ചിട്ടുണ്ട്. ഈ തുക പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഈ കേസിൽ മുൻപ് മറ്റൊരു പ്രതിയെയും സൈബർ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."