ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ടെലിവിഷന്‍ റേറ്റിങ്ങില്‍ വന്‍ അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ഏജന്‍സിയായ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്‍കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായി ഡി.ജി.പി അറിയിച്ചു.
ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്നാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ബാര്‍ക്കില്‍ തട്ടിപ്പ് നടത്താന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി നേരത്തെ മീഡിയ വണ്‍ ചാനലും ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ബാര്‍ക്കില്‍ നിന്ന് ചാനല്‍ പിന്മാറുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് ട്വന്റി ഫോര്‍ ന്യൂസ് ചാനലും ബാര്‍ക്കില്‍നിന്ന് പിന്മാറിയിരുന്നു.
കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനായ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്ന് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ മേധാവി കൂടിയായ ശ്രീകണ്ഠന്‍ നായരുടെ പരാതിയില്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നാണ് പറയുന്നത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥും കേരളത്തിലെ ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളടക്കം ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താന്‍ ഫോണ്‍ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ആരോപണമുണ്ട്. മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിംഗ് ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവര്‍ഷിപ്പും ഉയര്‍ത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയെന്നാണ് ആരോപണം.
റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിള്‍ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാര്‍ക്കിന്റെ പ്രധാന പ്രശ്‌നം. ആകെയുള്ള 86 ലക്ഷം ടിവികളില്‍ ബാര്‍ക്ക് മീറ്ററുള്ളത് വെറും 1500 ല്‍ താഴെ മാത്രം ഇടങ്ങളിലാണ്. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉള്‍ക്കൊള്ളുന്ന തരത്തിലല്ല.മാത്രമല്ല, ഈ മീറ്ററുകള്‍ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാന്‍ കഴിയുമെന്നും ആരോപണമുണ്ട്.
a complaint submitted to the dgp alleges that a malayalam television channel owner paid crores of rupees to manipulate bark ratings. authorities have begun a preliminary inquiry based on the complaint, and further investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."