ആറന്മുളയില്‍ ചിറകറ്റ സ്വപ്‌നം ചെങ്ങറയില്‍ ചിറകു നിവര്‍ത്തുമോ...?
പത്തനംതിട്ട: പരിസ്ഥിതി പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊലിഞ്ഞ ആറന്മുളയിലെ വിമാനത്താവള പദ്ധതി പത്തനംതിട്ട ജില്ലയിലെ തന്നെ ചെങ്ങറയില്‍ നടപ്പാകാന്‍ സാധ്യത ഉയരുന്നു. ഐതിഹാസികമായ ഭൂസമരത്തിന്റെ പേരില്‍ കേരള രാഷ്ട്രീയ-സാംസ്‌കാരിക ഭൂപടത്തില്‍ സ്ഥാനം നേടിയ ചെങ്ങറയില്‍ ഇനി വിമാനത്താവളം കൂടി ഉയരുമോ എന്നത് ദേശീയ തലത്തില്‍തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
പമ്പാ നദിയുടെ തണ്ണീര്‍ത്തട മേഖലയായ ആറന്മുള പുഞ്ചപ്പാടത്തേക്കാള്‍ വിമാനത്താവള നിര്‍മാണത്തിന് അനുയോജ്യം 3000 ഏക്കര്‍ വരുന്ന കോന്നിയിലെ ചെങ്ങറയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ള വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് ഉരുത്തിരിഞ്ഞതാണീ പുതുചിന്ത. നിലവിലുള്ള നിയമങ്ങളൊന്നും ചെങ്ങറയിലെ വിമാനത്താവളത്തിന് എതിരു നില്‍ക്കില്ല എന്നതും ചര്‍ച്ചകള്‍ സജീവമാക്കുന്നു. ഇത് ശബരിമല തീര്‍ഥാടകരടക്കമുള്ളവര്‍ക്ക് ഗുണകരമാകുമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും പദ്ധതിക്ക് ഊര്‍ജം നല്‍കുന്നു.
ചെങ്ങറയില്‍ ആറന്മുളയിലേതുപോലെ വയലുകളോ തണ്ണീര്‍ത്തടമോ ഇല്ല എന്നതാണ് ഏറ്റവും അനുയോജ്യ ഘടകം. മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തിയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മണ്ണും സുലഭം. ജനവാസ മേഖലയല്ലാത്തതിനാല്‍ കുടിയിറക്കല്‍ പ്രശ്‌നവുമില്ല. ആയിരത്തോളം ഏക്കര്‍വരുന്ന കുന്നിന്‍ചരിവ് കഴിഞ്ഞാല്‍ ബാക്കിയുളള 2000 ല്‍ പരം ഏക്കര്‍ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ ഏറെ അനുയോജ്യമാണെന്നാണ് വിദഗ്ധാഭിപ്രായം. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി കൈവശപ്പെടുത്തിയിരിക്കുന്ന ഈ ഭൂപ്രദേശം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തടസം കൂടാതെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയും. പമ്പാ നദിക്കരയില്‍നിന്നു 150 മീറ്റര്‍ മാത്രം ദൂരമുള്ള ആറന്മുള പുഞ്ച പമ്പയുടെ ഏറ്റവും വലിയ ജലസംഭരണ മേഖലയാണ്. വെള്ളപ്പൊക്കകാലത്ത് ഇവിടെ ജലം കയറി നിറയുന്നതുകൊണ്ടാണു പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതി ഉണ്ടാകാതിരിക്കുന്നത്. ഈ മേഖല മണ്ണിട്ട് നികത്താന്‍ 65 ലക്ഷം ലോഡ് മണ്ണു വേണമെന്നാണ് പമ്പാ പരിരക്ഷണ സമിതിയുടെ പഠനം. ചുറ്റുമുള്ള ജനവാസമേഖലയായ കുന്ന് ഇടിച്ചു നിരത്താതെ വലിയ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനും കഴിയില്ല. ഈ സാഹചര്യങ്ങള്‍ ആറന്മുളയില്‍ വിമാനത്താവളമെന്ന ചിന്തയ്ക്ക് വിഘാതമാകുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് കടുപ്പിച്ചതോടെ ആറന്മുള പദ്ധതിക്ക് ഇനി യാതൊരു സാധ്യതയുമില്ല. ഈ സാഹചര്യത്തിലാണു ചെങ്ങറ പാട്ടഭൂമിയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ മറച്ചുവച്ച ഹാരിസണ്‍ ഗ്രൂപ്പ് ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായാണു കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാല്‍ ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ മഠത്തിനു തിരുവിതാംകൂര്‍ മഹാരാജാവ് കരമൊഴിവായി കൊടുത്തതാണ് ഈ ഭൂമിയെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ഇത് നിവേദിതാ പി. ഹരന്‍ റിപ്പോര്‍ട്ടും ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മിറ്റിയും ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണര്‍ സജിത്ത് ബാബു റിപ്പോര്‍ട്ടും വിജിലന്‍സും ശരിവച്ചിട്ടുണ്ട്.
കോടതിയില്‍ ശരിയായി കേസ് നടത്തുക മാത്രമാണു ഭൂമി ഏറ്റെടുക്കുന്നതിനായി ചെയ്യേണ്ടത്. ബോയിംഗ് 747 ഇറങ്ങാന്‍ സാധിക്കുന്ന വിധം റണ്‍വേ ഒരുക്കാന്‍ ഇവിടെ കഴിയുമത്രേ. എയ്‌റോ പോളിസ് എന്ന അത്യാധുനിക വിമാനത്താവള സംവിധാനത്തിനും സ്ഥലമുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒന്നും ചെങ്ങറയില്‍ തടസമാകില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന പ്രദേശവുമല്ല ചെങ്ങറ. കോന്നിക്കും മലയാലപ്പുഴയ്ക്കും മധ്യേ 3000 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന തോട്ടത്തിന്റെ നൂറ് ഏക്കറില്‍ താഴെ സ്ഥലത്താണു സാധുജന വിമോജന സംയുക്തവേദി വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയ്യേറി കുടില്‍ കെട്ടിയത്. ബാക്കി സ്ഥലം ഇടിച്ച് നിരപ്പാക്കിയാല്‍ വിമാനത്താവളം യാഥാര്‍ഥ്യമാകും എന്നാണു കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."