കണ്ണൂരില്‍ വന്‍ ആയുധവേട്ട; ബോംബുകളും വടിവാളുകളും പിടികൂടി
കണ്ണൂര്‍: ജില്ലയില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം പിടികൂടി. കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയിലാണ് 14 ബോംബുകളും 13 വടിവാളുകളും പിടികൂടിയത്. ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദ്ദീന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ആരംഭിച്ച പരിശോധനയുടെ ഭാഗമായിരുന്നു ഇന്നലത്തെയും പരിശോധന.
ബി.ജെ.പി പ്രവര്‍ത്തകന്‍ ബിനീഷ് വെട്ടേറ്റുമരിച്ച തില്ലങ്കേരിയില്‍ നടത്തിയ റെയ്ഡില്‍ വന്‍സ്‌ഫോടന ശേഷിയുള്ള 13 ബോംബുകളാണ് പിടികൂടിയത്. തില്ലങ്കേരി ആലയാട് നൂഞ്ഞിങ്ങര പൂന്തിലോട്ട് മഠപ്പുരയ്ക്കു സമീപത്തെ വിജനമായ കാട്ടിലെ കുന്നിന്‍ മുകളിലെ പാറയിടുക്കില്‍ നിന്നാണ് ഒന്‍പതു ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ ആദ്യം ലഭിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ മുഴക്കുന്ന് എസ്.ഐ പി.എ ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിന്നാലെ രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇരിട്ടി സി.ഐ സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ 200 മീറ്റര്‍ അകലെയുള്ള കുന്നിന്റെ മറുവശത്തുനിന്നു നാലു സ്റ്റീല്‍ ബോംബുകളും പിടികൂടി. മാലൂര്‍ അറയങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ റബര്‍ തോട്ടത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു മറ്റൊരു സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. ഉച്ചകഴിഞ്ഞു എസ്.ഐ എം സതീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കീച്ചേരിക്കുന്നില്‍ നടത്തിയ പരിശോധനയിലാണു 12 വാളുകള്‍ കണ്ടെടുത്തത്. 12 വടിവാടുകള്‍, എട്ടു ദണ്ഡുകള്‍ എന്നിവയാണു പിടികൂടിയത്. വൈകുന്നേരം ആറോടെ വളപട്ടണം സി.ഐ രത്‌നകുമാര്‍, എസ്.ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നവജിത്തിനു വെട്ടേറ്റ പാതിരിയാട് ബസ്റ്റോപ്പിനു സമീപത്തെ പറമ്പില്‍ കൂത്തുപറമ്പ് പൊലിസ് നടത്തിയ പരിശോധനയിലും ഒരു വാള്‍ കണ്ടെടുത്തു.
മുഴക്കുന്ന്, ധര്‍മടം, പാനൂര്‍, ചൊക്ലി, വളപട്ടണം, തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധികളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. ബോംബ് സ്‌ക്വാഡുകളെ നാലായി തിരിച്ചായിരുന്നു പരിശോധന. മുപ്പതു പൊലിസുകാരടങ്ങിയ ഒരു പ്ലാറ്റൂണ്‍ പൊലിസ് സേനയും റെയ്ഡില്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നു ജില്ലാ പൊലിസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍ സുപ്രഭാതത്തോടു പറഞ്ഞു. ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ തന്റെ 9497996973 എന്ന മൊബൈല്‍ നമ്പറില്‍ അറിയിക്കാം. വിലാസം എഴുതാതെ തപാലിലൂടെയും വിവരം കൈമാറാമെന്നും എസ്.പി അറിയിച്ചു.
വ്യാഴാഴ്ച പൊലിസ് നടത്തിയ റെയ്ഡില്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്ര റോഡിലെ പറമ്പില്‍ നിന്നു മൂന്നു ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തിരുന്നു. ബുധനാഴ്ച ഇതിനടുത്ത പള്ളിക്കുന്ന് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പിന്‍വശത്തെ പറമ്പില്‍ നിന്നു മൂന്നു സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. ബുധനാഴ്ച തന്നെ മുഴക്കുന്ന് ഗ്രാമത്തിലെ ആള്‍താമസമില്ലാത്ത വീടിനോടു ചേര്‍ന്നു മൂന്നു സ്റ്റീല്‍ ബോംബുകളും പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്നിന് തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ബിനീഷ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു പൊലിസ് വ്യാപക പരിശോധന തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."