അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
എറണാകുളം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ഇതോടെ രാഹുല്‍ വീണ്ടും ജയിലില്‍ തുടരണം. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിച്ചത്. ഏഴ് ദിവസമായി രാഹുൽ ഈശ്വർ ജയിലിലാണ്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി രാഹുല്‍ ഈശ്വർ പിന്‍വലിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.
കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വർ വാദിച്ചിരുന്നു. പോസ്റ്റ് പിൻവലിക്കാമെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.
അതേസമയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."