ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ
ഗസ്സ: ബൈറോൺ കൊടുങ്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ ഗസ്സയിലെ ടെന്റുകളിൽ പ്രളയം. ശക്തമായ കാറ്റും മഴയുമാണ് ഫലസ്തീനിൽ ഉടനീളം ഉണ്ടായത്. മഴയെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ദുരിതത്തിലാണ് ഗസ്സ നിവാസികൾ. വെള്ളിയാഴ്ച വൈകിട്ടു വരെയാണ് ഗസ്സയിൽ കനത്ത മഴയും ശൈത്യക്കാറ്റും പ്രവചിക്കപ്പെടുന്നതെന്ന് ഫലസ്തീൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ഗസ്സിലെ നിരവധി റോഡുകൾ വെള്ളത്തിലാണെന്ന് ഗസ്സ സിറ്റി മേയർ യഹ്‍യ അൽ സരാജ് പറഞ്ഞു. വീണ്ടും മറ്റൊരു ശൈത്യക്കൊടുങ്കാറ്റ് വരുമ്പോൾ നേരിടാൻ സംവിധാനങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വാടകക്കെടുത്ത സംവിധാനങ്ങളും മറ്റും കൊടുങ്കാറ്റിനെ നേരിടാൻ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ കാറ്റിൽ പല ടെന്റുകളും തകർന്നു. ചില ടെന്റുകൾ പൂർണമായി മുങ്ങിയ സാഹചര്യത്തിൽ ആണ്. ശൈത്യത്തെ നേരിടാൻ ആവശ്യമായ ടെന്റുകളോ സംവിധാനങ്ങളോ ഇല്ലാത്ത മൂന്ന് ലക്ഷം കുടുംബങ്ങൾ ഗസ്സയിലുണ്ടെന്ന് ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു.
2.5 ലക്ഷം ടെന്റുകളും മൊബൈൽ വീടുകളും ഗസ്സയിലേക്ക് എത്താൻ അതിർത്തിയിൽ വാഹനങ്ങൾ കാത്തുകിടക്കുകയാണെന്ന് ഗസ്സ ഗവൺമെന്റ് മീഡിയ ഓഫിസ് ഡയരക്ടർ ഇസ്മാഈൽ അൽ തവാബ്ത പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 6000 ട്രക്കുകൾ ആണ് അതിർത്തിയിലുള്ളത്. ബൈറോൺ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇവ വേഗത്തിൽ ഗസ്സയിലെത്തിക്കാൻ യു.എൻ രക്ഷാസമിതിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്‌റാഈലിനു മേൽ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."