ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഗോവയിലെ നിശാ ക്ലബ്ബിലെ തീപിടിത്തത്തെ തുടര്‍ന്ന് 25 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഉടമകളായ രണ്ട് സഹോദരങ്ങളെ തായ്‌ലന്‍ഡില്‍ നിന്ന് പിടികൂടിയതായി വിവരം. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. ഇവരെ ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അപകടമുണ്ടായി മണിക്കൂറുകള്‍ക്കകം ഇരുവരും ഡല്‍ഹിയില്‍ വിമാനത്തില്‍ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസും ഇന്റര്‍പോള്‍ ബ്ലൂ നോട്ടിസും പുറപ്പെടുവിച്ചു.
ക്ലബ്ബിലെ ജീവനക്കാരന്‍ ഡല്‍ഹി സബ്സി മണ്ടി പ്രദേശത്തെ ഭരത് കോഹ്ലിയെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. ക്ലബ്ബിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഇയാളാണ്. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ്ബ് ചീഫ് മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിങ്, ബാര്‍ മാനേജര്‍ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജര്‍ റിയാന്‍ഷു താക്കൂര്‍ എന്നിവരെ ഗോവ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ ഭരത് കോഹ്ലിയെ പൊലിസ് പിടികൂടിയത്.
പനാജിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ബേര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ ക്ലബ്ബിലാണ് തീപിടിത്തമുണ്ടായത്. ഡിസംബര്‍ 6 അര്‍ധരാത്രിയോടെ നടന്ന സംഭവത്തില്‍ നാലു വിനോദസഞ്ചാരികളും 14 ജീവനക്കാരനും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഒന്നാം നിലയിലെ ഡാന്‍സ് ഫ്ളോറിലാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ നൂറിലേറെ പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു.
പലരും ശ്വാസം മുട്ടിയാണ് മരണപ്പെട്ടത്. ക്ലബ്ബിലേക്കുള്ള വഴികള്‍ ഇടുങ്ങിയതിനാല്‍ അഗ്‌നിരക്ഷാ സേനയും പൊലിസും സ്ഥലത്തെത്താന്‍ വൈകി. ഡാന്‍സ് ബാറില്‍ പരിപാടിക്കിടെ തീപ്പൊരി ചിതറിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് ക്ലബ്ബ് പ്രവര്‍ത്തിച്ചതെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."