ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും
ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ വൗച്ചര്‍ നല്‍കാന്‍ ഇന്‍ഡിഗോ. ഡിസംബര്‍ 3,4,5 തിയ്യതികളില്‍ യാത്രാതടസമുണ്ടായവര്‍ക്കാകും വൗച്ചര്‍ അനുവദിക്കുക. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് ഇത്. അടുത്ത 12 മാസത്തിനുള്ളിലെ യാത്രകള്‍ക്ക് ഇത് ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ വിമാനങ്ങള്‍ റദ്ദാക്കിയ ഉപഭോക്താക്കള്‍ക്ക് 5000 മുതല്‍ 10000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
അതേസമയം, രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ സര്‍വിസ് കമ്പനി ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുകയും വൈകുകയും ചെയ്തത് തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. വിമാന യാത്രയിലെ സ്ഥിതി കൂടുതല്‍ വഷളായതിനുശേഷം മാത്രമാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വീഴ്ച വരുത്തിയ കമ്പനിക്കെതിരേ നടപടിയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിസഹായരാണോയെന്നും കോടതി ചോദിച്ചു.
സാഹചര്യം വഷളാകാന്‍ കേന്ദ്രം അനുവദിച്ചു. അതിനുശേഷം മാത്രമാണ് നടപടിയെടുത്തത്. എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കാന്‍ അനുവദിച്ചതെന്ന് കോടതി ചോദിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡി.ജി.സി.എയും സ്വീകരിച്ച നടപടികളെ തങ്ങള്‍ അഭിനന്ദിക്കുന്നു.
എന്നാല്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് തങ്ങളെ അലട്ടുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നു. പുതിയ കാലത്ത് സാമ്പത്തിക പ്രവര്‍ത്തനത്തിന് ആളുകളുടെ വേഗത്തിലുള്ള ചലനം നിര്‍ണായകമാണെന്ന് കോടതി പറഞ്ഞു. കുത്തനെയുള്ള നിരക്ക് വര്‍ധനവിനെയും ബെഞ്ച് വിമര്‍ശിച്ചു. പ്രതിസന്ധി ഉണ്ടായാല്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് എങ്ങനെ നേട്ടമുണ്ടാക്കാന്‍ അനുവദിക്കുമെന്നും ബെഞ്ച് ചോദിച്ചു. പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ സാധാരണ നിലയിലാക്കാനും എല്ലാ എയര്‍ലൈനുകളും മതിയായ പൈലറ്റ് എണ്ണം നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
വിമാനങ്ങള്‍ വൈകുമ്പോഴോ റദ്ദാക്കുമ്പോഴോ വിമാനക്കമ്പനികള്‍ നല്‍കേണ്ട സൗകര്യങ്ങള്‍ വ്യക്തമാക്കുന്ന ഡി.ജി.സി.എ സര്‍ക്കുലര്‍ പാലിക്കാന്‍ ഹൈക്കോടതി ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ നഷ്ടപരിഹാര ചട്ടങ്ങളും ഇന്‍ഡിഗോ കര്‍ശനമായി പാലിക്കണം. വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എയും ഇതു നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെങ്കിലും അധിക ചട്ടങ്ങളുണ്ടെങ്കില്‍ അവ നടപ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു.
നിയന്ത്രണങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമം ഡി.ജി.സി.എക്കും കേന്ദ്ര സര്‍ക്കാരിനും അധികാരം നല്‍കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ അഖില്‍ റാണ, ഉത്കര്‍ഷ് ശര്‍മ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.
പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സമിതി
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) മേല്‍നോട്ട സമിതി രൂപീകരിച്ചു. എട്ട് മുതിര്‍ന്ന ഫ്ളൈറ്റ് ഓപറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരാണ് സമിതിയിലുള്ളത്. ക്യാപ്റ്റന്‍ വിക്രം ശര്‍മ, ക്യാപ്റ്റന്‍. കപില്‍ മംഗലിക്, ക്യാപ്റ്റന്‍. വി.പി സിങ്, ക്യാപ്റ്റന്‍ അപൂര്‍വ അഗര്‍വാള്‍, കാപ്റ്റന്‍ സ്വാതി ലൂംബ, കാപ്റ്റന്‍ അമന്‍ സുഹാഗ്, കാപ്റ്റന്‍ നിത്യ ജെയിന്‍, കാപ്റ്റന്‍. എന്‍. ജെ സിംഗ എന്നിവരാണ് അംഗങ്ങള്‍.
സമീപകാല പ്രവര്‍ത്തന തടസങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഡേറ്റയും അപ്‌ഡേറ്റുകളും അവതരിപ്പിക്കാന്‍ ഇന്ന് വൈകുന്നേരം 4ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡി.ജി.സി.എ ഇന്നലെ സമന്‍സ് അയച്ചു.
നാഗ്പൂര്‍, ജയ്പൂര്‍, ഭോപ്പാല്‍, സൂറത്ത്, തിരുപ്പതി, വിജയവാഡ, കൊച്ചി, ലഖ്‌നൗ, അമൃത്സര്‍, ഡെറാഡൂണ്‍, ഷിര്‍ദി വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമയാന റെഗുലേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.സി.എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
IndiGo has announced a compensation package for passengers affected by the large-scale flight disruptions earlier this month. Travelers who faced delays or cancellations on December 3, 4, and 5 will receive a ₹10,000 travel voucher, valid for use on any IndiGo flight within the next 12 months. This is in addition to the compensation mandated by government regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."