ചാമക്കാലയില്‍ സൗഹൃദ തീരമൊരുങ്ങുന്നു
കയ്പമംഗലം: കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ചാമക്കാല ബീച്ചില്‍ സൗഹൃദ തീരമൊരുങ്ങുന്നു. പ്രദേശത്തെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയിലാണ് കടല്‍ തീരത്തേക്ക് വിനോദത്തിന് എത്തുന്നവര്‍ക്കായി പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നത്. കടലിനോട് ചേര്‍ന്നുള്ള വലിയ അറപ്പത്തോട് ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം സഞ്ചാര യോഗ്യമല്ലാതിരുന്ന ഈ തീരത്ത് തെങ്ങിന് തടികള്‍ ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മിക്കുകയും പ്രകൃതി സൗന്ദര്യം നിലനിര്‍ത്തി കൊണ്ട് മുളകള്‍ ഉപയോഗിച്ച് ആകര്‍ഷണീയമായ നിലയില്‍ കൈവരികളും നിര്‍മിച്ചിട്ടുണ്ട്. പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കാടുകള്‍ വെട്ടി വൃത്തിയാക്കി പ്രദേശം സഞ്ചാര യോഗ്യമാക്കുകയും ചെയ്തു. ഇ.ടി ടൈസന് മാസ്റ്റര്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഈ സന്നദ്ധ പ്രവര്‍ത്തകര്‍. ഈ മാസം 12ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടപ്പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഒരു കൂട്ടം യുവാക്കളുടെ ഒത്തൊരുമയോടെയുള്ള പ്രയത്നത്തിന്റെ ഫലമായി ചാമക്കാല ബീച്ചില്‍ സൗഹൃദതീരം ഒരുങ്ങുന്നതോടെ അഴീക്കോട് സ്നേഹതീരം വെസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡില്‍ പുതിയൊരു ടൂറിസം മേഖലയാവും പിറവിയെടുക്കുക. പദ്ധതിയുടെ ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ആഘോഷ പരിപാടികളും നടത്താനുള്ള തയാറെടുപ്പിലാണ് മാതൃകാപരായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഈ കര്‍മ ഭടന്മാര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."