14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ
വിയന്ന: 14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി ആസ്ട്രിയന്‍ പാര്‍ലമെന്റ്. ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ക്കനുസൃതമായി തല മറച്ചുകൊണ്ട് ആരെങ്കിലും സ്‌കൂളുകളിലേക്ക് വരികയാണെങ്കില്‍ കനത്ത പിഴ ചുമത്താനും തീരുമാനമായി. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്.
2019ല്‍, പ്രൈമറി സ്‌കൂളുകളില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് രാജ്യം ഒരു നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഭരണഘടനാ കോടതി അടുത്ത വര്‍ഷം അത് റദ്ദാക്കുകയായിരുന്നു. മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നതിനാല്‍ അത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്ന് നിയമം റദ്ദാക്കിയത്. നിഷ്പക്ഷത പാലിക്കാനുള്ള രാജ്യത്തിന്റെ കടമയ്ക്ക് വിരുദ്ധമാണിതെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തവണ നിയമം കോടതിയില്‍ നിലനിര്‍ത്തുന്നതിനായി പരമാവധി ശ്രമിക്കുന്നുവെന്ന് ആസ്ട്രിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാമോഫോബിക് വികാരവും വര്‍ദ്ധിച്ചുവരുന്ന സമയത്ത് മൂന്ന് കേന്ദ്രീകൃത പാര്‍ട്ടികളുടെ ഭരണ സഖ്യം നിര്‍ദ്ദേശിച്ച പുതിയ നിയമത്തെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയും പിന്തുണച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ബാധകമാകുന്ന തരത്തില്‍ കൂടുതല്‍ മുന്നോട്ട് പോകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗ്രീന്‍സ് പാര്‍ട്ടി മാത്രമാണ് ഇതിനെ എതിര്‍ത്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ശിരോവസ്ത്രം 'അടിച്ചമര്‍ത്തലിന്റെ പ്രതീകം' എന്നാണ് ഭരണ സഖ്യത്തിന് നേതൃത്വം നല്‍കുന്ന യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടിയുടെ ഇന്റഗ്രേഷന്‍ മന്ത്രി ക്ലോഡിയ പ്ലാക്കോം ഹിജാബ് ധരിക്കുന്നതിനെ വിശേഷിപ്പിച്ചത്. അതേസമയം, വളര്‍ത്തുദോഷമുള്ള പുരുഷന്മാരുടെ ഒളിനോട്ടത്തില്‍ നിന്നുള്ള സ്ത്രീകളുടെ സുരക്ഷാകവചമാണ് ശിരോവസ്ത്രമെന്ന്' ലിബറല്‍ നിയോസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യാന്നിക്ക് ഷെട്ടി അഭിപ്രായപ്പെട്ടു.
ആസ്ട്രിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിക് സാഹചര്യത്തിലേക്കാണ് പുതിയ നിയമം വിരല്‍ചൂണ്ടുന്നതെന്ന് ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ മുതിര്‍ന്ന റിസേര്‍ച്ചര്‍ ഫരീദ് ഹാഫിസ് അല്‍ജസീറയോട് പ്രതികരിച്ചു. 'കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ അടങ്ങാത്ത അഭിനിവേശമൊന്നുമല്ല പുതിയ നിയമത്തിന് പിന്നില്‍. രാജ്യത്തിനകത്തെ വലിയൊരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും സമ്മതം മൂളിയിട്ടുണ്ട്'. അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമത്തിനെതിരെ രാജ്യത്തിനകത്തെ ചെറുതും വലുതുമായ അവകാശസംരക്ഷണ സംഘടനകള്‍ കടുത്ത പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്തെത്തി. മുസ്ലിംകള്‍ക്കെതിരായ വംശീയാതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ നിയമമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. നിലവിലെ വംശീയ അന്ത്രീക്ഷത്തിന് ആക്കംകൂട്ടുമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. മുസ്‌ലിംകളെ ശാക്തീകരിക്കേണ്ടതിന് പകരം അരികുവത്കരിക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് രാജ്യത്തെ മുസ്‌ലിം സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നതായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സംഘടനയായ ഐ.ജി.ജി.ഒയും പ്രതികരിച്ചു.
ശിരോവസ്ത്ര നിരോധനം അപെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെക്കുറിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശമില്ലെന്നും അത് നിയമാനുസൃതമാണെന്നുമുള്ള സന്ദേശം നല്‍കുമെന്ന്' ആമസോണ്‍ വനിതാ അവകാശ സംഘടനയുടെ മാനേജിംഗ് ഡയറക്ടര്‍ ആഞ്ചലിക അറ്റ്‌സിംഗര്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന നിരോധനത്തിന് കീഴില്‍, പുതിയ നിയമങ്ങള്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വിശദീകരിക്കുന്ന ഒരു പ്രാരംഭ കാലയളവുണ്ടാവും. അവ ലംഘിക്കുന്നതിന് പിഴകളൊന്നുമില്ല. ഈ ഘട്ടത്തിനുശേഷം, ആവര്‍ത്തിച്ചുള്ള അനുസരണക്കേടുകള്‍ക്ക് മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ നിയമം ഏകദേശം 12,000 പെണ്‍കുട്ടികളെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
austrian parliament approves a controversial law banning muslim headscarves, including hijabs, for girls under 14 in schools, drawing criticism from human rights groups and muslim communities
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."