'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി സജി ചെറിയാന്‍
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയില്‍ 19 സിനിമകളുടെ പ്രദര്‍ശനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ചില സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാതെ മേളയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രം ആരെയോ ഭയക്കുന്നുണ്ട്. ഫലസ്തീന്‍ സിനിമകള്‍ കാണിക്കാന്‍ പാടില്ലെന്ന് പറയേണ്ട കാര്യമില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
അഞ്ചാം ദിനമായ ഇന്ന് ഒമ്പത് ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
'രാജ്യവിരുദ്ധമാണ് സിനിമയുടെ ഉള്ളടക്കമെങ്കില്‍ കാണിക്കേണ്ട കാര്യമില്ല. സിനിമ കാണുന്നത് സാങ്കേതിക മികവും സാമൂഹിക അന്തരീക്ഷവും രാഷ്ട്രീയ വീക്ഷണങ്ങള്‍,മൗലികമായ പ്രസക്തി എന്നിവ ചര്‍ച്ച ചെയ്യാനാണ്.പുതിയ തലമുറക്ക് പഠിക്കാന്‍ പറ്റുന്ന മേളയാണ് നടക്കുന്നത്. സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ച് ഏറ്റവും വലിയ മേളയാണ് നടക്കുന്നത്. സിനിമാ ടൂറിസം വലിയ രീതിയില്‍ പ്രമോട്ട് ചെയ്യുന്ന സമയത്താണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. എല്ലാ തരത്തിലും കേരളത്തെ കേന്ദ്രം ദ്രോഹിക്കുകയാണ്'. മന്ത്രി പറഞ്ഞു.
അതേസമയം, വിഷയത്തില്‍ ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകന്‍ ഡോ.ബിജു രംഗത്തെത്തി. മുന്‍കൂട്ടി അനുമതി ലഭിക്കാതെ സിനിമ എന്തുകൊണ്ട് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടെത്തിയെന്ന് ഡോ.ബിജു ചോദിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഇല്ലാതെ ചലച്ചിത്രമേള നടക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്നും ഡോ.ബിജു വിമര്‍ശിച്ചു.
kerala minister saji cherian strongly criticised the centre, accusing it of cutting down palestinian films and acting out of fear, sparking fresh political debate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."