ദുബൈയിലെ വിസാ സേവനങ്ങൾ, എമിഗ്രേഷൻ നടപടികൾ: കാര്യക്ഷമത വർധിപ്പിക്കാൻ 'കമ്യൂണിറ്റി ഹാപിനസ് സർവേ'
ദുബൈ: ഉപയോക്താക്കളുടെ സംതൃപ്തി അളക്കാനും, സേവന നിലവാരം മെച്ചപ്പെടുത്താനുമായി ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) 'കമ്യൂണിറ്റി ഹാപിനസ് സർവേ'ക്ക് തുടക്കമിട്ടു. 'നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ വിജയത്തിന്റെ അളവു കോൽ' എന്ന ടാഗ് ലൈനോടെയാണ് പൊതുജനാഭിപ്രായം തേടുന്നത്.
എമിറേറ്റിലെ എല്ലാ വിസാ സേവനങ്ങളും, ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ സേവന നടപടിയടക്കം കൈകാര്യം ചെയ്യുന്ന സർക്കാർ സ്ഥാപനമാണ് ജി.ഡി.ആർ.എഫ്.എ.
ഇതിനു കീഴിലുള്ള മുഴുവൻ സേവനങ്ങളെയും സംബന്ധിച്ച അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് സർവേയിലൂടെ പങ്കു വെക്കാം. ഇംഗ്ലിഷ്, അറബി ഭാഷകളിൽ ലഭ്യമായ ഓൺലൈൻ ലിങ്ക് വഴിയാണ് സർവേയിൽ പങ്കെടുക്കേണ്ടത്. ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമായി വിലയിരുത്തി നിലവിലെ സേവനങ്ങളിലെ ന്യൂനതകൾ പരിഹരിക്കാനും, കൂടുതൽ മികച്ച സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ജി.ഡി.ആർ.എഫ്.എ ഇതിലൂടെ ലക്ഷ്യമിടുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് ജനസന്തുഷ്ടി മുൻനിർത്തി ഇത്തരം സർവേ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്.ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
ഉപയോക്താക്കളുടെ പങ്കാളിത്തം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്നും, ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ സിസ്റ്റങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി, പൊതുസമൂഹത്തിന്റെ സന്തോഷവും സംതൃപ്തിയും അളക്കുകയാണ് സർവേയിലെ ചോദ്യാവലിയുടെ പ്രാഥമിക ലക്ഷ്യം.
സമൂഹ സന്തോഷം അളക്കുന്നു
സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവം, പങ്കാളിത്തം, നിലവിലെ സംവിധാനങ്ങൾ എന്നിവ വിലയിരുത്താൻ ഈ സർവേ സഹായിക്കും. ഇത് വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ കാര്യക്ഷമവും സംതൃപ്തി നൽകുന്നതുമായ സേവനങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ ആസൂത്രണം ചെയ്യാൻ ഡയരക്ടറേറ്റിന് സാധിക്കും. സർവേയിൽ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈൻ ലിങ്ക്: https://msurvey.government.ae/survey/General_Directorate_of_Residency_and_Foreigners_Affairs_Dubai/mAe
Summary:Dubai's visa services and immigration procedures: Community Happiness Survey to increase efficiency
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."