ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ
കോട്ടയം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശദാബ്ദി സന്ദേശ യാത്രയ്ക്ക് കോട്ടയത്ത് ഉജ്ജ്വല സ്വീകരണം നൽകി. പരിപാടിയുടെ ഭാഗമായി നടന്ന പൊതുയോഗം സഹകരണ-സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരെ 'ഭാരതം ഒരൊറ്റ ജനത' എന്ന ശക്തമായ നിലപാട് ഉയർത്തിപ്പിടിച്ച സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് വളർന്നുവരുന്ന വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സമസ്ത, ഒരു നൂറ്റാണ്ടായി ശരിയുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ വിഷയങ്ങളിൽ സംഘടന പുലർത്തുന്ന വ്യക്തമായ നിലപാടുകൾ കാരണമാണ് ജനങ്ങൾ സമസ്തയെ എപ്പോഴും കാതോർക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ലക്ഷ്യബോധമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ സമസ്ത വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു. കേരളത്തിലെ നവോത്ഥാന പ്രക്രിയകളിൽ സമസ്ത സ്വീകരിച്ച നിലപാടുകൾ നിർണ്ണായകമാണെന്നും വിദ്യാഭ്യാസ മേഖലയിൽ സംഘടന നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഒന്നായി കൊണ്ടുപോകുന്നതിനാണ് ശദാബ്ദി സന്ദേശ യാത്ര ഊന്നൽ നൽകുന്നതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിലും അറിവിന്റെ വിപ്ലവം സൃഷ്ടിക്കുന്നതിലും സമസ്തയുടെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.
മതങ്ങളുടെ ആത്മീയതയും സാമൂഹിക മാനവും ഒരേപോലെ പരിപോഷിപ്പിക്കപ്പെടണമെന്ന ആശയമാണ് ഫാദർ എമിൻ പുള്ളിക്കാട്ടിൽ യോഗത്തിൽ പങ്കുവെച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഈ ലക്ഷ്യത്തിനായി നിരന്തരം പ്രയത്നിക്കുന്ന സംഘടനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതങ്ങൾ തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കുന്നതിന് സ്നേഹത്തിന്റെ കൈമാറ്റം അനിവാര്യമാണ്. സ്നേഹം, ഐക്യം, മാനവികത, പരസ്പര സഹകരണം തുടങ്ങിയ മൂല്യങ്ങളിലൂടെ മുന്നേറിയാൽ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശദാബ്ദി സന്ദേശ യാത്രയുടെ കോട്ടയത്തെ പര്യടനം ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."