എ.ബി.സി പദ്ധതി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കവും വാഗ്വാദവും
തൊടുപുഴ: നഗരത്തില്‍ തെരുവ ്‌നായ്ക്കള്‍ അനുദിനം പെറ്റുപെരുകുമ്പോഴും പേവിഷബാധക്കെതിരായ എ ബി സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിക്കുവേണ്ടി ഫണ്ട് മറ്റി വെക്കുന്നതിനെ ചൊല്ലി തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കവും ബഹളവും. കരട് പദ്ധതി രേഖ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴാണ് രൂക്ഷമായ തര്‍ക്കവും വാദപ്രതിവാദങ്ങളും അരങ്ങേറിയത്.
നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫ.ജെസി ആന്റണി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പദ്ധതി രേഖയില്‍ എബി സി പദ്ധതിക്ക് മൂന്നുലക്ഷം രൂപ വകയിരുത്തിയിരുന്നു.
ഇതില്‍ രണ്ടു ലക്ഷം രൂപാ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ എബിസി കണ്‍ട്രോള്‍ പ്രോഗ്രാം ഉള്‍പ്പടെയുള്ള പദ്ധതിയിലേക്ക് പോകുന്നതിനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ ആര്‍ ഹരിയും രാജീവ് പുഷ്പാംഗദനും എതിര്‍ത്തു. മുന്‍ വര്‍ഷം എബിസി പദ്ധതിക്കായി അഞ്ച് ലക്ഷം രൂപാ മാറ്റിവെച്ചതില്‍ ഒരു രൂപാ പോലും ചെലവാക്കാതെ സ്പില്‍ ഓവറായിരിക്കുകയാണ്. അതിനു പുറമെയാണ് മൂന്നുലക്ഷം രൂപ കൂടി അനുവദിക്കുന്നത്.
മൊബൈല്‍ എബിസി കണ്‍ട്രോള്‍ പ്രോഗ്രാമുകളുടെ ലക്ഷ്യസാധ്യതയെക്കുറിച്ച് വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ ഇതിനായി ജില്ലാ ഭരണകൂടത്തിന് രണ്ട് ലക്ഷം രൂപ കൈമാറുന്നതില്‍ എതിര്‍പ്പുണ്ടെന്ന് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തുക വീണ്ടും സ്പില്‍ ഓവറായി കിടക്കാനേ വഴിയൊരുങ്ങൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ടെന്നായിരുന്നു ജെസി ആന്റണിയുടെ മറുപടി. ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ജില്ലാ കലക്ടറുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. രണ്ടുലക്ഷം രൂപയെങ്കിലും മാറ്റിവെയ്ക്കണമെന്ന് പറഞ്ഞ് ചെയര്‍പേഴ്‌സണും ഇതിനെ പിന്താങ്ങി. പ്രതിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കാതെയും സംശയങ്ങള്‍ ദുരീകരിക്കാതെയും പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സമവായ ചര്‍ച്ചയെ തുടര്‍ന്ന് ഒടുവില്‍ രണ്ടുലക്ഷം രൂപ പദ്ധതിക്ക് വകയിരുത്തി.
ബജറ്റില്‍ പറഞ്ഞ പല വാഗ്ദാനങ്ങളും പദ്ധതി വന്നപ്പോള്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. അതേസമയം നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കള്‍ പെറ്റുപെരുകുകയാണ്.
മത്സ്യ മാര്‍ക്കറ്റിന് സമീപം നിരവധി നായ്ക്കുഞ്ഞുങ്ങള്‍ രാപകലില്ലാതെ ഓടി നടക്കുകയാണ്. പ്രഭാത സവാരിക്ക് പോകുന്നവരും കുട്ടികളും ഭയപ്പാടോടെയാണ് കഴിയുന്നത്. വന്ധ്യംകരണ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഇവയുടെ പെരുപ്പം ഭയാനകമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."