യുഎഇ വളർച്ചയിലേക്ക്;അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടും
അബുദാബി: രാജ്യവ്യാപകമായി നടപ്പിലാക്കുന്ന വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ യുഎഇ സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ശക്തമായ മുന്നേറ്റം നടത്തുന്നു.റോഡ്,റെയ്ല്‍,മെട്രോ,വിമാനത്താവളം, ജലവിതരണം തുടങ്ങിയ മേഖലകളിലായി നടപ്പിലാക്കുന്ന പദ്ധതികള്‍ രാജ്യത്തിന്റെ ദീര്‍ഘകാല വികസന കാഴ്ച്ചപ്പാടിന്റെ ഭാഗമായാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയമായത്.മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനിലൂടെ രണ്ട് നഗരങ്ങള്‍ തമ്മിലുളള യാത്രാ സമയം വലിയ തോതില്‍ കുറയ്ക്കാനാണ് ലക്ഷ്യം. ഈ പദ്ധതി വരും വര്‍ഷങ്ങളില്‍ സാമ്പത്തിക രംഗത്ത് വലിയ സംഭാവന നല്‍കുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2030 വരെ നീളുന്ന ദേശീയ റോഡ് വികസന പദ്ധതികളും പുരോഗമിക്കുകയാണ്. വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഫെഡറല്‍ റോഡുകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. ഇതോടെ യാത്രാ സമയം കുറയുകയും വ്യാപാര, വ്യവസായ മേഖലകള്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യം രൂപപ്പെടുകയും ചെയ്യും.
ദുബായില്‍ മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയും മുന്നേറുന്നതിലൂടെ പുതിയ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്ന ഈ ലൈന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കും. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ സ്വകാര്യ വാഹനങ്ങളുടെ ആശ്രയം കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും പദ്ധതികള്‍ സഹായകരമാകും.
ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖുവൈന്‍, ഫുജൈറ, റാസ് അല്‍ ഖൈമ തുടങ്ങിയ എമിറേറ്റുകളിലും റോഡ് വികസനം, ജലവിതരണ ശൃംഖല വിപുലീകരണം, വിമാനത്താവള നവീകരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ഇവിടെയുളള ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രയും അടിസ്ഥാന സേവനങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്ന ഈ പദ്ധതികള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നിര്‍ണായകമാണ്. വികസനത്തിനൊപ്പം മനുഷ്യന്റെ ദൈനംദിന ജീവിതം കൂടുതല്‍ സുഖകരവും സുരക്ഷിതവുമാക്കുക എന്നതാണ് യുഎഇ മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശം. റോഡുകളും റെയിലും കെട്ടിടങ്ങളും മാത്രം അല്ല, നാളെയുടെ നല്ല ജീവിതത്തിനുള്ള അടിത്തറയാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന വിശ്വാസത്തോടെയാണ് രാജ്യം മുന്നേറുന്നത്.
The UAE is advancing major infrastructure projects, including highspeed rail,road expansion,and metro development to boost economic growth and improve quality of life across all emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."