ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
ഭുവനേശ്വർ: ഒഡീഷയിൽ സുരക്ഷാ സേനയുമായുണ്ടായ അതിശക്തമായ ഏറ്റുമുട്ടലിൽ സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും ഒഡീഷ ഓപ്പറേഷൻസ് തലവനുമായ ഗണേഷ് ഉയ്‌കെ (69) കൊല്ലപ്പെട്ടു. ഗണേഷ് ഉയ്‌കെയെ കൂടാതെ ഒരു സ്ത്രീയടക്കം അഞ്ച് മാവോയിസ്റ്റുകൾ കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരു കോടി പത്തുലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ച ഉന്നത നേതാവാണ് കൊല്ലപ്പെട്ട ഗണേഷ് ഉയ്‌കെ.
കന്ദമൽ - ഗൻജം ജില്ലാ അതിർത്തിയിലെ രംഭ വനമേഖലയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (BSF), സെൻട്രൽ റിസർവ് പൊലിസ് ഫോഴ്‌സും (CRPF) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റ് സംഘത്തെ നേരിട്ടത്. മണിക്കൂറുകൾ നീണ്ട വെടിവെപ്പിനൊടുവിൽ ഉച്ചയോടെയാണ് ഗണേഷ് ഉയ്‌കെ ഉൾപ്പെടെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിൽ അവശേഷിച്ചിരുന്ന ചുരുക്കം ചില മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ഗണേഷ് ഉയ്‌കെ. പക്ക ഹനുമന്തു, രാജേഷ് തിവാരി, രൂപ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. കഴിഞ്ഞ 40 വർഷമായി ദന്ദകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഉയ്‌കെ, കേന്ദ്ര നേതൃത്വത്തെയും പ്രാദേശിക ഘടകങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരുന്നു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും രണ്ട് ഐ.എൻ.എസ്.എ.എസ് (INSAS) റൈഫിളുകൾ, 0.303 റൈഫിളുകൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 23-ന് മൽകങ്കിരിയിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ട് പുതിയ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. ഒഡീഷ ഡി.ജി.പി വൈ.ബി. ഖുരണിയയും സൈനിക നടപടിയെ പ്രശംസിച്ചു. സംസ്ഥാനത്തെ മാവോയിസ്റ്റ് സ്വാധീനം പൂർണ്ണമായും തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
In a major anti-Naxal operation in Odisha's Kandhamal district, security forces neutralized six Maoists, including a high-ranking commander, over a 24-hour period ending Thursday, December 25, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."